ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനിടയില്‍ പാക്കിസ്ഥാന്‍മന്ത്രിക്ക് ഷോക്കേറ്റു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഇസ്ലാമാബാദില്‍ ഒരു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പാക് റെയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. ''നിങ്ങളുടെ ഉദ്ദേശം ഞങ്ങള്‍ക്ക് അറിയാം നരേന്ദ്രമോദി'' എന്നാണ് ഷോക്കേല്‍ക്കുന്ന സമയത്ത് മന്ത്രി പറഞ്ഞിരുന്നത്. 

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും യാഥാര്‍ത്ഥ്യം പാക്കിസ്ഥാന്‍ ഉള്‍ക്കൊള്ളണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ഇക്കാര്യം എല്ലാ അന്താരാഷ്ട്രവേദികളിലും ഉന്നയിക്കുമെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. 

കശ്മീരില്‍ ജനങ്ങള്‍ മരിച്ചുവീഴുകയാണെന്ന റിപ്പോര്‍ട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ, യുഎന്നിലേക്കയച്ച കത്തില്‍ പാക്കിസഥാന്‍ ഉദ്ദരിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധിത്തനെ രംഗത്തെത്തുകയും ചെയ്തിരുന്നു. ജമ്മു കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇക്കാര്യത്തിൽ പാക്കിസ്ഥാൻ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.