ഇസ്ലാമാബാദ്: ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുക്കാന്‍ പുറപ്പെടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ കടന്നുപോകാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കി. കിര്‍ഗിസ്ഥാനിലെ ബിഷ്കേകിലാണ് ജൂണ്‍ 13,14 തീയതികളില്‍ ഉച്ചകോടി നടക്കുന്നത്. പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. 

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്തഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും പാകിസ്ഥാന്‍ അറിയിച്ചു. മെയ് 21ന് എസ് സി ഒ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സുഷമാ സ്വരാജിന്‍റെ വിമാനത്തിനും പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വാണിജ്യ സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയാണ്. പാക് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ വ്യോമസേന മെയ് 31ന് നീക്കിയിരുന്നു. 

പാകിസ്ഥാന്‍ വ്യോമപരിധിയില്‍ പ്രവേശനം നിരോധിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള വിദേശ വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. ഇന്‍ഡിഗോയുടെ ദില്ലി-ഇസ്താംബൂള്‍ സര്‍വീസ് ഇനിയും തുടങ്ങാനായിട്ടില്ല. ദില്ലി-യുഎസ് നോണ്‍സ്റ്റോപ് വിമാനങ്ങളുടെ സര്‍വീസും പ്രതിസന്ധിയിലാണ്. 

നരേന്ദ്രമോദിയുടെ വിമാനത്തിന് അനുമതി നല്‍കിയതിലൂടെ സാമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ സമ്മതം മൂളുമെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. നേരത്തെ സമാധാന ചര്‍ച്ചകള്‍ ആകാമെന്ന പാകിസ്ഥാന്‍ വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു. ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍, പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനുമായി ഉച്ചകോടിക്കിടെ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.