പാകിസ്ഥാനിലെ കുതിച്ചുയരുന്ന ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയിൽ സൈനിക മേധാവി അസിം മുനീറിനെ ഉൾപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത്, ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള ഫണ്ട് വിതരണ രീതി മാറ്റുന്നതും കുടുംബാസൂത്രണ ഉപാധികൾക്ക് നികുതിയിളവ് നൽകുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാനുള്ള നിർണായക ദൗത്യവുമായി സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ രംഗത്ത്. രാജ്യം നേരിടുന്ന കടുത്ത ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപീകരിച്ച ഉന്നതതല സമിതിയിലാണ് ആർമി ചീഫിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധം, നയതന്ത്രം, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് പുറമെയാണ് ഇപ്പോൾ ജനസംഖ്യാ നിയന്ത്രണവും അസിം മുനീറിന്റെ ചുമതലകളിലേക്ക് എത്തിയിരിക്കുന്നത്.
പാകിസ്ഥാൻ സെനറ്റ് സമിതികളുടെ സംയുക്ത യോഗത്തിൽ ഫെഡറൽ ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാലാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ജനസംഖ്യാ വർദ്ധനവ് തടയുന്നതിനുള്ള നയരൂപീകരണത്തിനായി ധനകാര്യം, ആസൂത്രണം, ആരോഗ്യം എന്നീ വകുപ്പുകളിലെ മുതിർന്ന മന്ത്രിമാർക്കൊപ്പം അസിം മുനീറും ഈ സമിതിയിൽ പ്രവർത്തിക്കും. വിഷയം പാക് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എല്ലാ തലങ്ങളിലും പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുത്തു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാകിസ്ഥാൻ. പ്രതിവർഷം 2.55% എന്ന നിരക്കിലാണ് രാജ്യത്തെ ജനസംഖ്യാ വളർച്ച. ഇതേ അവസ്ഥ തുടർന്നാൽ 2030-ഓടെ പാകിസ്ഥാൻ ഇന്തോനേഷ്യയെ മറികടന്ന് ജനസംഖ്യയിൽ ലോകത്തിലെ നാലാമത്തെ വലിയ രാജ്യമായി മാറുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കടക്കെണിയിലായ പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെയും വിഭവ ശേഷിയെയും ഇത് ദോഷകരമായി ബാധിക്കും. പ്രതിവർഷം ഏകദേശം 67 ലക്ഷം കുട്ടികളാണ് പാകിസ്ഥാനിൽ ജനിക്കുന്നത്.
ജനസംഖ്യാ വർദ്ധനവ് പ്രോത്സാഹിപ്പിക്കുന്ന നിലവിലെ ഫണ്ട് വിതരണ രീതിയിൽ മാറ്റം വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. പ്രവിശ്യകൾക്ക് ഫണ്ട് അനുവദിക്കുന്ന 'നാഷണൽ ഫിനാൻസ് കമ്മീഷൻ' ഫോർമുല പ്രകാരം 82% വിഭവങ്ങളും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. ജനസംഖ്യ കുറയ്ക്കുന്ന പ്രവിശ്യകൾക്ക് ഫണ്ട് കുറയുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് 50% ആയി കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന് പുറമെ, കുടുംബാസൂത്രണ ഉപാധികൾക്ക് നികുതിയിളവ് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ബലൂചിസ്ഥാനിലെയും അഫ്ഗാൻ അതിർത്തിയിലെയും സുരക്ഷാ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും രാജ്യം നേരിടുന്നതിനിടയിൽ, ജനസംഖ്യാ നിയന്ത്രണം കൂടി ആർമി ചീഫിനെ ഏൽപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും ഉയരുന്നുണ്ട്. അതേസമയം, രാജ്യത്തെ പ്രധാന നയരൂപീകരണങ്ങളിലെല്ലാം സൈന്യത്തിനുള്ള നിർണായക സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ നീക്കം.


