വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ടെഹ് രിക് ഏ താലിബാന്‍  നേതാവ് മുഫ്തി നൂര്‍ വാലി മെഹ്സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന. സൗത്ത് വസീരിസ്ഥാന്‍ സ്വദേശിയാണ് മെഹ്‌സൂദ്. യുഎന്‍ സുരക്ഷാ കൌണ്‍സില്‍ കമ്മിറ്റിയാണ് മുഫ്തി നൂര്‍ വാലി മെഹ്സൂദിനെ ആഗോള ഭീകരരുടെ പട്ടികയിലേക്ക് ചേര്‍ത്തത്. 

അല്‍ഖ്വയ്ദയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. സാമ്പത്തിക സഹായം നല്‍കുക, പദ്ധതികള്‍ ആവിഷ്കരിക്കുക, ഭീകരാക്രമണ നടപടികള്‍ക്ക് പ്രോല്‍സാഹനം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ അല്‍ഖ്വയ്ദയ്ക്കായി മുഫ്തി നൂര്‍ വാലി മെഹ്സൂദ് ചെയ്യുന്നതായി ഐക്യരാഷ്ട്ര സംഘടന സുരക്ഷാ കൌണ്‍സില്‍ കണ്ടെത്തി.

മുഫ്തി നൂര്‍ വാലി മെഹ്സൂദ് ഭീകരാക്രമണങ്ങൾ നടത്താൻ ഗൂഢാലോചന ചെയ്യുകയും ഭീകര പരിശീലനകേന്ദ്രങ്ങൾ നടത്തുകയും ചെയ്യുന്നതിന് വ്യക്തമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് വാദിക്കുന്ന അമേരിക്ക ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. മുഫ്തി നൂര്‍ വാലി മെഹ്സൂദ് നേതൃത്വം നല്‍കുന്ന ടെഹ് രിക് ഇ താലിബാനാണ് പാകിസ്ഥാനില്‍ നടക്കുന്ന പല ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു. 2019 സെപ്തംബറില്‍ തന്നെ ഇയാളെ തീവ്രവാദിയായി ആഭ്യന്തര തലത്തില്‍ പ്രഖ്യാപിച്ചിരുന്നതായും അമേരിക്ക പ്രതികരിച്ചതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

ടെഹ് രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ താലിബാന്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഈ ഭീകരസംഘടന നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് അമേരിക്കയുടെ വാദം. നൂര്‍ വാലി എന്ന പേരിലും മുഫ്തി നൂര്‍ വാലി മെഹ്സൂദ് എന്ന ഭീകരവാദി അറിയപ്പെടുന്നുണ്ട്. 2018ലാണ് ഇയാള്‍ പാകിസ്ഥാന്‍ താലിബാന്‍റെ നേതൃസ്ഥാനത്തേക്ക് എത്തിയത്. പാകിസ്ഥാന്‍റെ പ്രതിച്ഛായയ്ക്ക് വലിയ രീതിയില്‍ തിരിച്ചടിയായിട്ടുണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനം.