മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെക്കുറിച്ചുള്ള പുതിയ യുഎസ് കോൺഗ്രസ് റിപ്പോർട്ട് പുറത്ത്. ഈ സംഘർഷത്തെ ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനും വിപണനം ചെയ്യാനുമുള്ള അവസരമായി ഉപയോഗിച്ചുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
വാഷിംഗ്ടണ്‍: മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിലെ വിശദാംശങ്ങൾ വ്യക്തമാക്കി യുഎസ് കോൺഗ്രസിന്‍റെ പുതിയ റിപ്പോർട്ട്. ഇന്ത്യയുടെ 6 ഫൈറ്റർ ജെറ്റ് തകർത്തെന്ന പാക് അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, ഈ നാല് ദിവസത്തെ സംഘര്‍ഷങ്ങളെ ചൈന ശരിക്കും ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തങ്ങളുടെ അത്യാധുനിക ആയുധങ്ങളും ഇന്‍റലിജൻസ് സംവിധാനങ്ങളും പരീക്ഷിക്കുന്നതിനായി ചൈന ഈ സംഘർഷത്തെ അവസരമാക്കി മാറ്റിയെന്നും, പാശ്ചാത്യ ആയുധ വിൽപ്പനയെ മറികടക്കാൻ ഈ ഫലങ്ങൾ ഉപയോഗിച്ച് അവർ വിപണനം നടത്തിയെന്നും യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൈനീസ് ആയുധങ്ങളുടെ പരീക്ഷണവേദി
മെയ് 7 മുതൽ 10 വരെ നീണ്ടുനിന്ന ഇന്ത്യ - പാക് സംഘർഷത്തിൽ, ചൈനീസ് യുദ്ധവിമാനങ്ങളായ ജെഎഫ്-17, ജെ-10സി, എയർ-ടു-എയർ മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ (HQ-9, HQ-16), ഡ്രോണുകൾ എന്നിവയ്ക്ക് പുറമെ ചൈനയുടെ ബെയ്‌ഡോ നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനവും പാകിസ്ഥാൻ ഉപയോഗിച്ചു. ഈ ചൈനീസ് ആയുധങ്ങളെല്ലാം സജീവമായ ഒരു സംഘര്‍ഷത്തിൽ ഉപയോഗിക്കുന്നത് ഇതാദ്യമായാണ് എന്നുള്ളതാണ് ശ്രദ്ധേയം. 1970കളുടെ അവസാനത്തിൽ വിയറ്റ്നാമിനെതിരെയാണ് ചൈന അവസാനമായി യുദ്ധം ചെയ്തത്. അന്ന് സോവിയറ്റ് ആയുധങ്ങളാണ് അവർ കൂടുതലായി ഉപയോഗിച്ചിരുന്നത്.
സിപ്രി (SIPRI) 2025 റിപ്പോർട്ട് പ്രകാരം ആഗോള ആയുധ കയറ്റുമതിയിൽ 5.9 ശതമാനം മാത്രമാണ് ചൈനയുടെ വിഹിതം. തങ്ങളുടെ ആയുധങ്ങൾ യുദ്ധക്കളത്തിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതായിരുന്നു ചൈന നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. ഇന്ത്യ-പാക് സംഘർഷത്തിലൂടെ ഇത് മറികടക്കാനാണ് ബെയ്ജിംഗ് ശ്രമിച്ചത്.
എത്ര വിമാനങ്ങൾ തകർന്നു?
മെയ് ഏഴിലെ വ്യോമാക്രമണത്തിൽ എത്ര വിമാനങ്ങൾ വെടിവെച്ചിട്ടു എന്നത് സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 1971-ന് ശേഷമുള്ള ഏറ്റവും വലിയ വ്യോമ യുദ്ധമായിരുന്നു ഇത്. മൂന്ന് റഫാൽ വിമാനങ്ങൾ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു (പിന്നീട് ഇത് ആറ് എന്ന് മാറ്റി). യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എട്ട് വിമാനങ്ങൾ തകർന്നു എന്ന് അവകാശപ്പെട്ടപ്പോൾ, മൂന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായാണ് യുഎസ് കോൺഗ്രസ് റിപ്പോർട്ട് പറയുന്നത്. ഇവയെല്ലാം റഫാൽ വിമാനങ്ങൾ ആയിരിക്കണമെന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു റഫാൽ, ഒരു റഷ്യൻ നിർമ്മിത സുഖോയ്, ഒരു മിറാഷ് 2000 എന്നിങ്ങനെ മൂന്ന് ഇന്ത്യൻ വിമാനങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഫ്രഞ്ച് എയർഫോഴ്സ് ചീഫ് ജനറൽ ജെറോം ബെല്ലഞ്ചർ ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്ത്യക്ക് ഒരു റഫാൽ വിമാനം മാത്രമാണ് നഷ്ടമായതെന്നും അത് ശത്രുക്കളുടെ ആക്രമണത്തിലല്ല, മറിച്ച് സാങ്കേതിക തകരാർ മൂലമാണെന്നുമാണ് ഡാസോൾട്ട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയർ പറഞ്ഞത്. ഇന്ത്യ ഉപയോഗിച്ച ഫ്രഞ്ച് റഫാൽ വിമാനങ്ങളെ വീഴ്ത്താൻ ചൈനീസ് ആയുധങ്ങൾക്ക് കഴിഞ്ഞു എന്നത് പാകിസ്ഥാനെ ഉപയോഗിച്ച് ചൈന തങ്ങളുടെ ആയുധ വിപണനത്തിനുള്ള പ്രധാന പ്രചാരണായുധമാക്കി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാന് കുറഞ്ഞത് അഞ്ച് എയര്‍ക്രാഫ്റ്റുകൾ നഷ്ടമായെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വ്യാജ പ്രചാരണം
ഇന്ത്യൻ റഫാൽ വിമാനങ്ങൾ തകർന്നു എന്ന് പ്രചരിപ്പിക്കാൻ ചൈനീസ് എംബസി എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളും വീഡിയോ ഗെയിമുകളിലെ ദൃശ്യങ്ങളും ഉപയോഗിച്ചതായും യുഎസ് റിപ്പോർട്ടിൽ പറയുന്നു. ഇന്തോനേഷ്യയെ റഫാൽ വിമാനങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇത് ഉപയോഗിച്ചു. എന്നാൽ, ഈ ശ്രമം പരാജയപ്പെടുകയും ഇന്തോനേഷ്യ 42 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു. അതേസമയം, അസർബൈജാൻ 40 ജെഎഫ്-17 വിമാനങ്ങളും ഇന്തോനേഷ്യ 42 ജെ-10സി വിമാനങ്ങളും വാങ്ങാൻ കരാർ ഒപ്പിട്ടത് ചൈനീസ് ആയുധങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെട്ടതിന്‍റെ സൂചനയാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.


