Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിലും എംപോക്സ് രോഗം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് അടുത്തിടെ സൗദിയിൽ നിന്നെത്തിയ യുവാവിൽ

സൗദി അറേബ്യയിൽ നിന്നുള്ള വിമാനത്തിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. 

Pakistan detects first mpox case of 2024 in a person returned from Saudi Arabia recently
Author
First Published Aug 16, 2024, 2:19 PM IST | Last Updated Aug 16, 2024, 2:32 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഈ വർഷം ആദ്യത്തെ എംപോക്സ് (മങ്കിപോക്സ്) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനിൽ എത്തിയ ഇയാളിൽ പെഷവാറിൽ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.

പെഷവാറിലെ ഖൈബർ മെഡിക്കൽ സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ ഓഗസ്റ്റ് 13ന് എംപോക്സ് സ്ഥിരീകരിക്കുകയും ചെയ്തു. രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് അധികൃതർ പറയുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള വിമാനത്തിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരെയും കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം വിദേശത്തു നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മൂന്ന് പേർക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം പല ലോകരാജ്യങ്ങളിലും എംപോക്സ് രോഗബാധ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തിൽ ചൈനയും കടുത്ത ജാഗ്രതയിലാണ്. അടുത്ത ആറ് മാസത്തേക്ക് രാജ്യത്ത് വരുന്ന ആളുകളെയും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളെയും നിരീക്ഷിക്കാനാണ് ചൈനയുടെ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് വെള്ളിയാഴ്ച ചൈനയിലെ കസ്റ്റംസ് അധികൃതർ പുറത്തിറക്കിയിരുന്നു. കൊവിഡ് -19, എയ്ഡ്സ്, സാർസ് പോലുള്ള രോഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന കാറ്റഗറി -ബിയിലാണ് ചൈന എംപോക്സിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. 

ലോകാരോഗ്യ സംഘടനകയുടെ കണക്ക് പ്രകാരം ഈ വ‍ർഷം 14,000 എംപോക്സ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ നിന്ന് 524 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ് ഇത്. രോഗബാധയുടെയും മരണങ്ങളുടെയും എണ്ണത്തിൽ 96 ശതമാനവും കോംഗോയിൽ നിന്നാണ്. അടുത്തിടെ ആഫ്രിക്കയിൽ പോയിവന്ന ഒരാളിൽ രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം സ്വീഡനും അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios