ലാഹോര്‍: കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് സമ്പദ് വ്യവസ്ഥയില്‍ ഇടിവ് വന്നതോടെ ഇന്ധന വിലയിൽ റെക്കോർഡ് വർധനവ് ഏർപ്പെടുത്തി പാകിസ്ഥാന്‍. പെട്രോളിയം ഉൽ‌പന്നങ്ങള്‍ക്ക് 27% മുതൽ 66% വരെയാണ് നിരക്ക് വർധന. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് പാകിസ്ഥാൻ ഇന്ധനവിലയിൽ റെക്കോർഡ് വർധനവ് പ്രഖ്യാപിച്ചത്. 

ഇന്ധനവില കൂട്ടിയതിനെതിരെ പാകിസ്ഥാനില്‍ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ തുടക്കത്തിൽ പ്രതീക്ഷിച്ച 2.4 ശതമാനം വളർച്ചയ്ക്ക് പകരം ജൂൺ 30 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ ജിഡിപി 0.4 ശതമാനം കുറയുമെന്ന് രണ്ടാഴ്ച മുന്നെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇസ്ലാമാബാദില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധനവിലയില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയത്.

പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാർ അധികാരത്തിൽ വന്ന 2018 മുതൽ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ക്രമാനുഗതമായി ഇടിഞ്ഞു.  കഴിഞ്ഞ മാർച്ചിലാണ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇമ്രാന്‍ഖാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ കോട്ടം തട്ടി. തുടര്‍ന്ന്  മെയ് മാസത്തിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലഘൂകരിച്ചു, എന്നാല്‍ ഇതിന് ശേഷം കൊറോണ വൈറസ് അണുബാധയും മരണവും വർദ്ധിച്ചു. 4,035 മരണങ്ങൾ ഉൾപ്പെടെ 198,883 കൊവിഡ് കേസുകൾ പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്..