ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചടക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും നടന്നില്ല. 

കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ കാബൂളില്‍ എത്തി. ഐഎസ്‌ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. താലിബാന്റെ ക്ഷണപ്രകാരം ഉന്നത നേതാക്കളോടൊപ്പമാണ് ഫൈസ് ഹമീദ് എത്തിയതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാനെ പാകിസ്ഥാന്‍ സഹായിക്കുമെന്ന് പാക് സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്വ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയോട് നേരത്തെ പറഞ്ഞിരുന്നു. അഫ്ഗാനിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചടക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും നടന്നില്ല. പഞ്ച്ഷീറില്‍ താലിബാനും വടക്കന്‍ സഖ്യവും പോരാട്ടം തുടരുകയാണ്. നിലവില്‍ പഞ്ച്ശീര്‍ മാത്രമാണ് താലിബാന് കീഴടങ്ങാതെ പിടിച്ചുനില്‍ക്കുന്നത്. ഇറാന്‍ മാതൃകയിലായിരിക്കും സര്‍ക്കാര്‍ രൂപീകരണം. മുല്ല അബ്ദുല്‍ ഖനി ബറാദാര്‍ ആയിരിക്കും സര്‍ക്കാറിന്റെ തലവന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona