ഇസ്ലാമാബാദിൽ ഈജിപ്ത് വിദേശകാര്യ മന്ത്രിയെ ഔദ്യോഗികമായി സ്വീകരിക്കുന്നതിനിടെ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ കാൽ വഴുതി നിലത്ത് വീണു. യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ മധ്യസ്ഥത വഹിക്കാനുള്ള നിർണായക യോഗത്തിന് തൊട്ടുമുൻപായിരുന്നു സംഭവം. വീഴ്ചയിൽ മന്ത്രിക്ക് പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടിയെ ഔപചാരിക കൂടിക്കാഴ്ചക്കായി സ്വീകരിക്കുന്നതിനിടെ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ വീണു. ദേശകാര്യ മന്ത്രാലയത്തിലാണ് സംഭവം. തുർക്കി മന്ത്രിയെ സ്വീകരിച്ച് വേദിയിലേക്ക് നടക്കുന്നതിനിടെ പാക് മന്ത്രി വഴുതി ബാലൻസ് തെറ്റി വീഴുകയായിരുന്നു. സമീപത്തുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി തറയിൽ വീണു. സുരക്ഷാ ഉദ്യോഗസ്ഥരും പെട്ടെന്ന് തന്നെ അദ്ദേഹത്തെ സഹായിച്ചു. വീഴ്ചയിൽ മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും യോഗം ഷെഡ്യൂൾ ചെയ്തതുപോലെ തടസ്സമില്ലാതെ തുടർന്നുവെന്നും പാകിസ്ഥാൻ അധികൃതർ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത നിർണായക യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. അമേരിക്കയ്ക്കും ഇറാനും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമഫലമായാണ് കൂടിക്കാഴ്ച നടത്തിയത്. യുഎസോ ഇറാനോ യോഗത്തിൽ ഔദ്യോഗികമായി പങ്കെടുത്തിട്ടില്ലെങ്കിലും, നേരിട്ടുള്ള ചർച്ചകൾക്ക് വാതിൽ തുറക്കാൻ സാധ്യതയുള്ള ഒരു പ്രാരംഭ ഘട്ടമായാണ് നയതന്ത്രജ്ഞർ ഇതിനെ കാണുന്നത്. പ്രശ്നം പരിഹരിക്കാനായി പാകിസ്ഥാൻ സമീപ ആഴ്ചകളിൽ നയതന്ത്ര ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ബന്ധപ്പെട്ടു. യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ഇടപെടൽ നടക്കുന്നതിന് മുമ്പ് തുർക്കി, സൗദി, ഈജിപ്ത് മന്ത്രിമാരുടെ യോ​ഗം വിളിച്ചു.