പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ഐഎസ്ഐ ആസ്ഥാനം സന്ദർശിച്ചത് വിവാദമായി. ഐഎസ്ഐയെ അഭിനന്ദിക്കാനാണോ സന്ദർശനമെന്ന ചോദ്യം ഉയർന്നു.

ലാഹോർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന നിലപാടിലാണ് ഇന്ത്യ. പാകിസ്ഥാന്‍റെ ചാര സംഘടനയായ ഐ എസ് ഐക്ക് നേരെയാണ് തെളിവുകൾ നീളുന്നത്. പാകിസ്ഥാനും ഐ എസ് ഐക്കും പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന തെളിവുകൾ ഒരോ ദിവസവും പുറത്തുവരികയാണ്. അതിനിടയിൽ പാകിസ്ഥാനിൽ നിന്നും പുറത്തുവന്ന വാർത്ത പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറൽ അസിം മുനീറും ഐ എസ് ആ ആസ്ഥാനം സന്ദർശിച്ചു എന്നതാണ്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഐ എസ് ഐ ആസ്ഥാനത്ത് ഇരുവരും എന്താനാണ് എത്തിയതെന്ന ചോദ്യങ്ങളും വിമർശനവും ശക്തമായിട്ടുണ്ട്. ഐ എസ് ഐയെ ഹസ്തദാനം നൽകി അഭിനന്ദിക്കാനാണോ പാക് പ്രധാനമന്ത്രിയും കരസേന മേധാവിയും നേരിട്ട് എത്തിയതെന്ന ചോദ്യമടക്കം ഉയർന്നിട്ടുണ്ട്.

ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിൽ ആഗോളതലത്തിൽ വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ പോലും ഐ എസ് ഐ ആസ്ഥാനത്ത് ഷെരിഫും മുനീറും എത്തിയത് സംശയാസ്പദമാണെന്നും വിമർശനമുണ്ട്. അതിർത്തി കടന്നുള്ള ഭീകരതയെ വളർത്തുന്നതിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചുള്ള അഭിപ്രായം ആഗോള തലത്തിൽ ശക്തമായിട്ടും ഉന്നതതല സന്ദർശനം നടത്തിയതിന് പിന്നിലെ ലക്ഷ്യം എന്താണെന്നും ചോദ്യമുണ്ട്.

പഹൽഗാം ആക്രമണത്തിന് പിന്നിൽ ഐഎസ്‌ഐ?

ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ഭീകര സംഘടനകൾക്ക് ലോജിസ്റ്റിക്കൽ, ഓപ്പറേഷണൽ പിന്തുണ ഐ‌ എസ്‌ ഐ നൽകുന്നതായി ഏറെക്കാലമായി ആരോപണമുണ്ട്. പുൽവാമ, ഉറി പോലുള്ള മുൻകാല ആക്രമണങ്ങളിലും ഐ എസ് ഐയുടെ പേര് ഉയർന്നുകേട്ടിരുന്നു. പഹൽഗാം ആക്രമണത്തിലും ഐ എസ് ഐയുടെ ബുദ്ധിയുണ്ടെന്ന തെളിവുകളാണ് പുറത്തുവരുന്നത്. പഹൽഗാം ഭീകരാക്രമണം നടപ്പാക്കാൻ കരസേന മേധാവി മുനീർ, ഐ‌ എസ്‌ ഐയോട് ഉത്തരവിട്ടതായി മുൻ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥൻ ആദിൽ രാജ നേരത്തെ എക്‌സിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയും ശക്തമായ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ, അട്ടാരി അതിർത്തി അടച്ചുപൂട്ടൽ, പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ നിർത്തിവയ്ക്കൽ എന്നിവയുൾപ്പെടെ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുമ്പോഴും പാക് പ്രധാനമന്ത്രിയും കരസേനാ മേധാവിയും ഐ എസ് ഐ ആസ്ഥാനത്ത് എത്തിയത് കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം