അടിയന്തര മന്ത്രിസഭാ യോഗം പാകിസ്താൻ സമയം 9 മണിക്ക് (ഇന്ത്യൻ സമയം 9.30) നാണ് ചേരുക. യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ഇസ്ലാമാബാദ്: പാക്കിസ്താന്‍റെ രാഷ്ട്രീയ ഭാവിയുടെ വിധി നിർണയിക്കുന്ന ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ ഇമ്രാൻ ഖാൻ (Imran Khan) അപ്രതീക്ഷതമായി അടിയന്തര മന്ത്രിസഭാ യോഗം (Cabinet Meet) വിളിച്ചു. ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കുന്നിനിടെയുള്ള ഇമ്രാൻ നീക്കം ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. അടിയന്തര മന്ത്രിസഭാ യോഗം പാകിസ്താൻ സമയം 9 മണിക്ക് (ഇന്ത്യൻ സമയം 9.30) നാണ് ചേരുക. യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാൻ സമയം ഇന്ന് രാത്രി പത്തരയ്ക്ക് മുൻപ് അവിശ്വാസം വോട്ടിനിടണം എന്നാണ് പാക് സുപ്രീംകോടതിയുടെ വിധി.

Add Asianetnews as a Preferred SourcegooglePreferred

ഇമ്രാൻ ഖാന്‍റെ വിധി നിർണയിക്കുന്ന പാക് ദേശീയ അസംബ്ലി യോഗം തുടരുന്നു

അതേസമയം ഇമ്രാന്‍റെ വിധി നിർണയിക്കുന്ന പാക് ദേശീയ അസംബ്ലി യോഗം തുടരുകയാണ്. ഇന്ത്യൻ സമയം രാത്രി എട്ടരയോടെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് ആദ്യ സൂചനകൾ പുറത്തുവന്നതെങ്കിലും ഇപ്പോൾ വൈകുമെന്നാണ് വ്യക്തമാകുന്നത്. സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ഇമ്രാൻഖാൻ, കെട്ടിയിറക്കപ്പെടുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം ഇമ്രാനെതിരെ ദേശീയ അസംബ്ലിയിലും പുറത്തും പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്.

രാത്രി പത്തരയ്ക്ക് മുൻപ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തിൽ രാവിലെ പത്തരയ്ക്ക് സഭ ചേർന്നെങ്കിലും പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കർ അസസ് ഖൈസർ സഭ നിർത്തിവെച്ചിരുന്നു. അരമണിക്കൂറിനുള്ളിൽ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാൻ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. രാജ്യത്തേയും ഭരണഘടനയെയും കോടതിയെയും ഇമ്രാൻ അധിക്ഷേപിക്കുന്നുവെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ വിമര്‍ശിച്ചു.

പാക് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന നീക്കത്തിൽ പ്രതിപക്ഷം കക്ഷി ചേർന്നതായി പാക് വിദേശകാര്യ
മന്ത്രി ഷാ മഹമൂദ് ഖുറൈശി ദേശീയ അസംബ്ലിയിൽ വിമര്‍ശിച്ചു. ഒരു അന്താരഷ്ട്ര സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത ഇന്ത്യയുടെ
വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇന്ന് പ്രതിപക്ഷം ആയുധമാക്കി. ഇമ്രാൻ ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎൽഎൻ നേതാവ് മറിയം നവാസ് പറഞ്ഞത്. 

വിദേശ ശക്തികൾ കെട്ടിയിരിക്കുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും
പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി. പ്രതിപക്ഷനിരയിലെ 180 അംഗങ്ങൾ സഭയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഭരണപക്ഷത്തെ പകുതിയോളം അംഗങ്ങൾ സഭയിൽ എത്തിയിരുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നാൽ ഇമ്രാൻഖാന്റെ പതനം ഉറപ്പാണെന്നാണ് വിലയിരുത്തലുകൾ.