സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്താന്റെ പുതിയ നീക്കങ്ങളുടെ ഭാഗമായാണ് ഉന്നതതല ചര്‍ച്ച.

ഇസ്‌ലാമബാദ്: ഇറാന്‍ യുദ്ധത്തിന് നയതന്ത്ര പരിഹാരം കണ്ടെത്താന്‍ പാക്കിസ്താന്റെ മുന്‍കൈയില്‍ നാളെ ഇസ്‌ലാമബാദില്‍ ഉന്നതതല ചര്‍ച്ച. സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്താന്റെ പുതിയ നീക്കങ്ങളുടെ ഭാഗമായാണ് ഉന്നതതല ചര്‍ച്ച.

സൗദി അറേബ്യയിലെ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍, തുര്‍ക്കിയില്‍നിന്ന് ഹക്കാന്‍ ഫിദാന്‍, ഈജിപ്തിനെ പ്രതിനിധീകരിച്ച് ബദര്‍ അബ്ദുലാറ്റി എന്നിവരാണ് പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ക്ക് എത്തുന്നത്.

ഇറാന്‍ യുദ്ധത്തിനെ തുടര്‍ന്നുള്ള ഊര്‍ജ്ജ പ്രതിസന്ധി കാരണം നട്ടംതിരിഞ്ഞ അവസ്ഥയിലാണ് പാക്കിസ്താന്‍. ഇന്ധനക്ഷാമം അടക്കമുള്ള പ്രശ്‌നങ്ങള്‍ പാക്കിസ്താനെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ്, യുഎസ് പ്രസിഡന്റ് ട്രംപുമായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന പാക് നേതാക്കള്‍ നയതന്ത്ര പരിഹാരങ്ങളുമായി രംഗത്തുവന്നത്.

സമാധാന ശ്രമങ്ങളുടെ തുടര്‍ച്ച

പാക്കിസ്താന്‍ സൈനിക മേധാവി ജനറല്‍ അസീം മുനീര്‍ യുഎസ് പ്രസിഡന്റ് ട്രംപുമായി ഈ വിഷയം പലതവണ ചര്‍ച്ച ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്ക തയ്യാറാക്കിയ പതിനഞ്ചിന നിര്‍ദേശങ്ങള്‍ ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന് കൈമാറിയത് ജനറല്‍ അസിം മുനീറായിരുന്നു. ഇതോടൊപ്പം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരാഴ്ചയ്ക്കിടെ 20 ലോക നേതാക്കളുമായെങ്കിലും സംസാരിച്ചതായി പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. .

ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയനുമായി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം ലഘൂകരിക്കുന്നതിന് അമേരിക്കയുമായും ഗള്‍ഫ് രാജ്യങ്ങളുമായും നടത്തുന്ന നയതന്ത്ര ഇടപെടലുകളെക്കുറിച്ച് പെസെഷ്‌കിയനെ ധരിപ്പിച്ചതായി പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്തു കൊണ്ട് പാക്കിസ്താന്‍?

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവുമായി നേരിട്ടുള്ള സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട സമയത്താണ് ഇറാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ പാക്കിസ്താന്‍ ശ്രമം എന്നതാണ് കൗതുകകരമായ കാര്യം. പാക്കിസ്താന്‍ അഫ്ഗാനില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 200 സിവിലിയന്മാരെയെങ്കിലും മരിച്ചതായാണ് യുഎന്‍ കണക്ക്. അഫ്ഗാനിസ്ഥാനുമായി പാകിസ്ഥാന്‍ തുറന്ന യുദ്ധമുഖത്ത് നില്‍ക്കുമ്പോഴാണ് പാക്കിസ്താന്‍ സമാധാനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത്.

പാക്കിസ്താന്‍ ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിനു പിന്നില്‍ ആഭ്യന്തരവും നയതന്ത്രപരവുമായ കാരണങ്ങളുള്ളതായാണ് കരുതുന്നത്. യുദ്ധം നീണ്ടുപോയാല്‍ അത് പാകിസ്ഥാനില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാവും. നിലവിലെ ഇന്ധന വിതരണം തടസ്സപ്പെടുത്താനും വലിയ പ്രതിസന്ധി നേരിടാനും സാധ്യതകള്‍ കൂടുതലാണ്. യുദ്ധം നീണ്ടുനിന്നാല്‍ ഇതിനകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥ കൂടുതല്‍ ദയനീയമാവും.

ഇറാനും പാകിസ്ഥാനും തമ്മില്‍ 560 മൈല്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇറാനിലെ സംഘര്‍ഷാവസ്ഥ പാക്കിസ്താനെ സാരമായി ബാധിക്കുന്നുണ്ട്. യുദ്ധം നീണ്ടുപോയാല്‍ ഇന്ധനക്ഷാമം രൂക്ഷമാവും എന്നതിനു പുറമെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്ക് സംഘര്‍ഷം പടരാന്‍ സാധ്യതയുണ്ട്. പാക്കിസ്താന്‍ സര്‍ക്കാറുമായി ബലൂചിസ്താനിലെ വിമത സംഘടനകള്‍ നിലവില്‍ പോരാടിക്കൊണ്ടിരിക്കുകയാണ്.

ഇറാന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഷിയാ മുസ്ലിംകള്‍ വസിക്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. ഷിയാ വിശ്വാസപ്രകാരം, ഇവരെല്ലാം ഇറാനിലെ പരമാധികാര നേതാവിനെയാണ് മതാചാര്യനായി കരുതുന്നത്. ഇറാനില്‍നിന്നുള്ള മതപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവര്‍ അംഗീകരിക്കുന്നതും. അതിനാല്‍ സംഘര്‍ഷത്തെ കരുതലോടെയാണ് പാക്കിസ്താന്‍ കാണുന്നത്.

കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായി ഒരു പ്രതിരോധ സഹകരണ കരാറില്‍ പാക്കിസ്താന്‍ ഒപ്പിട്ടിരുന്നു. സൗദിയ്ക്ക് സൈനിക പിന്തുണ ണല്‍കുമെന്നതാണ് ഇതിലെ കാതലായ വ്യവസ്ഥ. എന്നാല്‍ ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന്, ഇത്തരത്തിലുള്ള നീക്കം സൗദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇറാനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന പാക്കിസ്താന്‍, സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര മാര്‍ഗങ്ങളിലേക്ക് നീങ്ങുന്നതിന് പിന്നില്‍ ഈയൊരു കാരണവുമുണ്ട്.