ആക്രമണകാരികൾ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നും ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിൻ ആക്രമിച്ച് യാത്രക്കാരെ ബന്ദികളാക്കിയ വിഘടനവാദി തീവ്രവാദികൾക്ക് പിന്നിലുള്ള പ്രധാനി അഫ്ഗാനിസ്ഥാലാണെന്ന് സംശയം. പ്രധാന പാകിസ്ഥാൻ മാധ്യമമായ ജിയോ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ സൂത്രധാരൻ ഉൾപ്പെടെ, സംഘടനയുമായി ബന്ധപ്പെട്ട ഉന്നതരുമായി ആശയവിനിമയം നടത്താൻ ആക്രമണകാരികൾ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നും ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
58 പുരുഷന്മാരും 31 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടെ 104 ബന്ദികളെ ഇതുവരെ രക്ഷപ്പെടുത്തിയതായി പാകിസ്ഥാൻ സുരക്ഷാ സേന അറിയിച്ചു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(BLA ) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ. പാകിസ്ഥാൻ, യുകെ, യുഎസ് എന്നിവിടങ്ങളിൽ ഈ സംഘടനയെ നിരോധിച്ചിട്ടുണ്ട്. പാകിസ്ഥാനിലാണ് പ്രവർത്തിക്കുന്നതെങ്കിലും, അഫ്ഗാൻ അടക്കമുള്ള അയൽ രാജ്യങ്ങളിലാണ് നേതാക്കൾ അഭയം തേടുന്നത്.
ഭീകരവാദികൾ വിദേശത്തുള്ള തങ്ങളുടെ നേതാക്കളുമായി സാറ്റലൈറ്റ് ഫോൺ വഴിയാണ് ബന്ധപ്പെടുന്നതെന്ന് പാകിസ്ഥാൻ സുരക്ഷാ സേനയും വെളിപ്പെടുത്തി. ചെറിയ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന ആക്രമണകാരികളെ സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്, ക്ലിയറൻസ് ഓപ്പറേഷൻ പുരോഗമിക്കുകയാണ്. 16 ഭീകരർ കൊല്ലപ്പെട്ടു. ഇതുവരെ 104 യാത്രക്കാരെ രക്ഷപ്പെടുത്തി.
