Asianet News MalayalamAsianet News Malayalam

'ഞങ്ങൾ ഹമാസിനെ സ്നേഹിക്കുന്നു, മരണം വരെ ഇവിടെത്തന്നെ, ഈ നാടുവിട്ട് എങ്ങുംപോവില്ല': റാമല്ലയിലെ പലസ്തീനികള്‍

75 വർഷത്തെ ചര്‍ച്ചകള്‍ കൊണ്ട് എന്തുനേടി എന്നാണ് ഒരു സ്ത്രീയുടെ ചോദ്യം- "ഞങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം. അമേരിക്കയ്ക്ക് ഞങ്ങളെ ഇഷ്ടമല്ല. അവർ എപ്പോഴും ഇസ്രയേലിനെ പിന്തുണയ്ക്കുന്നു. പിന്നെ എന്തിന് അവരോട് ചര്‍ച്ച ചെയ്യണം?" 
 

Palestinians in Ramallah about israel hamas war SSM
Author
First Published Oct 18, 2023, 9:11 PM IST

ഗാസ: ഹമാസിന് പൂര്‍ണ പിന്തുണയുമായി പലസ്തീനിലെ റാമല്ലയിലെ യുവാക്കള്‍. ഹമാസിനെ സ്നേഹിക്കുന്നുവെന്നും മരണം വരെ ഇവിടെത്തന്നെ തുടരുമെന്നും യുവാക്കള്‍ പറഞ്ഞു. 75 വർഷത്തെ ചര്‍ച്ചകള്‍ കൊണ്ട് എന്തുനേടി എന്നാണ് ഒരു സ്ത്രീയുടെ ചോദ്യം. അൽ മനാറ സ്ക്വയറിൽ എത്തിയ ഏഷ്യാനെറ്റ് സുവർണ ന്യൂസ് സംഘത്തോടാണ് യുവാക്കള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ഹമാസിന് പൂര്‍ണ പിന്തുണ നല്‍കിയാണ് യുവാക്കള്‍ സംസാരിച്ചത്- "ഞങ്ങൾ ഹമാസിനെ സ്നേഹിക്കുന്നു. ഇസ്രയേലിലും പലസ്തീനിലും സംഭവിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. ഞങ്ങളുടെ ഹൃദയം അവരോടൊപ്പമാണ് (ഹമാസ്). ഞങ്ങൾ ഇവിടെത്തന്നെ മരിക്കും. ഞങ്ങൾ ഈ നാട് വിട്ടുപോകില്ല"- യുവാക്കളില്‍ ഒരാള്‍ പറഞ്ഞു. സംഘര്‍ഷവും പ്രതികൂല സഹാചര്യവുമൊക്കെ ആണെങ്കിലും മാതൃരാജ്യത്ത് തുടരുക എന്നതാണ് പൊതുവികാരമെന്ന് പ്രദേശവാസിയായ സ്ത്രീ പറഞ്ഞു. ഹമാസിന്‍റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവതിയുടെ മറുപടിങ്ങനെ-

"ഒക്ടോബർ 7 ന് മുന്‍പ് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇസ്രയേൽ ഗാസയിലെ നിരപരാധികളെ കൊന്നൊടുക്കുന്നു. അവർക്ക് ഹമാസിനെയാണ് വേണ്ടതെങ്കില്‍ അവര്‍ ഹമാസിന് പിന്നാലെ പോകണം. ഞങ്ങൾ ഹമാസിനെ പിന്തുണയ്ക്കുന്നു. കാരണം ഞങ്ങള്‍ക്ക് ഒരു പരിഹാരം വേണം. ഞങ്ങളുടെ സർക്കാർ ചര്‍ച്ചകള്‍ നടത്തുന്നു. പക്ഷെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും സംസാരിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. എല്ലാവരും ഇസ്രയേലിനെ പിന്തുണയ്ക്കുന്നു, അതിനാൽ ഹമാസ് ചെയ്യുന്നത് ശരിയാണ്". 

'ജൂത കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?' പലസ്തീനെ പിന്തുണച്ച മോഡലിനോട് ഇസ്രയേല്‍

റാമല്ലയിലുള്ള മിക്കവരും ഹമാസിനെ പിന്തുണയ്ക്കുന്നു. പലരും ഹമാസിനെ പ്രത്യാശയുടെ പ്രതീകമായി കാണുന്നു. സര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര ചർച്ചകളില്‍ അവര്‍ തൃപ്തരല്ല. 75 വർഷത്തെ ചര്‍ച്ചകള്‍ കൊണ്ട് ഒരു കാര്യവുമുണ്ടായില്ല എന്നാണ് അവരുടെ പരാതി. "സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അമേരിക്കയ്ക്ക് ഞങ്ങളെ ഇഷ്ടമല്ല. അവർ എല്ലായ്‌പ്പോഴും ഇസ്രയേലിനെ പിന്തുണയ്ക്കുന്നു. പിന്നെ ഞങ്ങള്‍ എന്തിന് അവരോട് ചര്‍ച്ച ചെയ്യണം? ഈ യുദ്ധം അവസാനിക്കട്ടെ. ആളുകളെ കൊല്ലുന്നത് ഇരുപക്ഷവും നിര്‍ത്തണം. ഞങ്ങൾക്ക് സമാധാനം വേണം."- ഒരു സ്ത്രീ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനോട് പറഞ്ഞു.

റാമല്ല നിവാസികളുടെ പ്രതികരണം കാണാം

 

Follow Us:
Download App:
  • android
  • ios