തെരെസിന: മനുഷ്യരെ പോലെ സംസാരിക്കാൻ സാധിക്കുമെന്നതാണ് തത്തകളെ വിശേഷപ്പെട്ട പക്ഷിയായി കണക്കാക്കാൻ കാരണം. എന്നാൽ ഈ സംസാര ശേഷി വില്ലനാകുമോ? ആരെയും അമ്പരപ്പിക്കുന്ന രീതിയിലാണ് ബ്രസീലിൽ ഒരു തത്ത പെരുമാറിയത്. മയക്കുമരുന്ന് മാഫിയയെ പിടിക്കാൻ പൊലീസെത്തിയപ്പോൾ ഇക്കാര്യം ചോർത്തി നൽകിയ തത്തയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ബ്രസീലിലെ തെരെസിന നഗരത്തിലാണ് സംഭവം. മയക്കുമരുന്ന് മാഫിയക്കാരെ തിരഞ്ഞ് ഇവരുടെ താവളത്തിലെത്തിയതായിരുന്നു പൊലീസ് സംഘം. എന്നാൽ പൊലീസിനെ കണ്ട ഉടൻ, "മമ്മീ.. പൊലീസ്" എന്ന് തത്ത വിളിച്ചുപറഞ്ഞു. ഫലമോ, പൊലീസ് സംഘം വെറും കൈയ്യോടെ മടങ്ങേണ്ടി വന്നു. തത്ത വിളിച്ചുപറഞ്ഞതിന് പിന്നാലെ പ്രതികൾ വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു.

എതായാലും മയക്കുമരുന്ന് മാഫിയയുടെ ഉറ്റ ചങ്ങാതിയായ തത്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി പൊലീസ് ഉദ്യോഗസ്ഥർ തത്തയെ ചോദ്യം ചെയ്തിട്ടും ഇതുവരെ തത്ത ഒന്നും പറഞ്ഞിട്ടില്ല.

പക്ഷിയുടെ ഉടമ  "ഇന്ത്യ" എന്നറിയപ്പെടുന്ന സ്ത്രീയാണ്. ഇയാളെ മയക്കുമരുന്ന് വിപണനത്തിന് മുൻപ് രണ്ടുവട്ടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് വന്നാൽ വിവരം നൽകാൻ തത്തയെ ഇയാൾ പരിശീലിപ്പിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. എഡ്വാൻ എന്ന 30കാരനാണ് ഇന്ത്യയുടെ ഭർത്താവ്. അടിവസ്ത്രത്തിൽ കഞ്ചാവ് ഒളിപ്പിച്ച ഇവരുടെ 16കാരിയായ മകളെ പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടയച്ചു.