കിഗലി: 1994ല്‍ റുവാണ്ടയില്‍ നടന്ന വംശഹത്യക്കിടെ ആയിരത്തോളം പേരെ രക്ഷപ്പെടുത്തിയ പോള്‍ റുസേസബാഗിന അറസ്റ്റില്‍. ഭീകരബന്ധം ആരോപിച്ചാണ് റുസേസബാഗിനയെ അറസ്റ്റ് ചെയ്തതെന്ന് റുവാണ്ട ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യക്തമാക്കി. ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായിരുന്നു പോള്‍ റുസേസബാഗിന. 

ഹുടു, ടുട്‌സി വിഭാഗങ്ങള്‍ക്കിടയില്‍ കലാപം കൊടുമ്പിരിക്കൊണ്ട കാലത്ത്, താന്‍ മാനേജരായിരുന്ന ഹോട്ടലില്‍ ആയിരത്തിലേറെ ടുട്‌സി വിഭാഗക്കാരെ റുസേസബാഗിന ഒളിപ്പിച്ചിരുന്നു. ഈ സംഭവമാണ് പിന്നീട് ഹോട്ടല്‍ റുവാണ്ട എന്ന പ്രശസ്തമായ ഹോളിവുഡ് ചിത്രമായത്. അന്താരാഷ്ട്ര സഹായത്തോടെയാണ് റുസേസബാഗിനയെ അറസ്റ്റ് ചെയ്തതെന്ന് റവാണ്ട അറിയിച്ചു. അതേസമയം, സഹായിച്ച രാജ്യത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 66കാരനായ റുസേസബാഗിന ലഹളയെ പിന്തുണച്ചെന്നും ലഹള തീവ്രവാദികളുടെ നേതാവായെന്നും അന്വേഷണ ഏജന്‍സി ആരോപിച്ചു. ഇദ്ദേഹത്തെ ബെല്‍ജിയത്തില്‍ നിന്നാണ് പിടികൂടിയതെന്നും സൂചനയുണ്ട്. എന്നാല്‍ ബെല്‍ജിയം ആരോപണം നിഷേധിച്ചു. 

സര്‍ക്കാറിന്റെ നിശിത വിമര്‍ശകനായ റുസേസബാഗിന ഏറെക്കാലമായി നോട്ടപ്പുള്ളിയാണ്. 1996ല്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം റുസേസബാഗിന റുവാണ്ടയില്‍ താമസിച്ചിട്ടില്ല. യുഎസ് പ്രസിഡന്‍ഷ്യല്‍ മെഡലടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് റുസേസബാഗിന