മനില: ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയിലെ താല്‍ അഗ്നിപര്‍വതത്തിൽ നിന്ന് ലാവ പുറത്തേക്കൊഴുകാന്‍ തുടങ്ങി. സമീപത്തെ എണ്ണായിരത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു. മനില വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകള്‍ റദ്ദാക്കി. 

ഇടിമിന്നലും ഭൂചലനവും ഇവിടെ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ആകാശത്ത് നിന്നും മഴയ്ക്ക് പകരം പെയ്യുന്നത് ചെളിയും കല്ലുകളുമാണ്. വാഹനങ്ങളെല്ലാം പൊടി കൊണ്ടുമൂടിയ അവസ്ഥയിലാണ്. അഗ്നിപര്‍വ്വതം സജീവമായ മനിലയിലെ കാഴ്ച്ച ഭയപ്പെടുത്തുന്നതാണ്.

 

15 കിലോമീറ്റർ ദൂരത്തിൽ പുകയും ചാരവും വ്യാപിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ ആളുകളെ അധികൃതർ ഒഴിപ്പിച്ചു. തലിസായ് ടൗണിലേക്കുള്ള ഗതാഗതം നി‍ർത്തിവച്ചു. ലാവ പ്രവഹിക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫിലിപ്പീന്‍സ് സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സ് സര്‍ക്കാരിന്‍റെ എല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായി പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ട് അറിയിച്ചു.

താൽ തടാകത്തിലുള്ള അഗ്നിപര്‍വ്വതം ലോകത്തിലെ ഏറ്റവും അപകടകരിയായ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ്. ലാവ പുറന്തള്ളാന്‍ പ്രത്യേക ദ്വാരമില്ലാത്തത് കൊണ്ടാണ് താൽ അപകടകാരിയാകുന്നത്. ഓരോ സമയത്തും ഓരോ ഭാഗത്താണ് സ്ഫോടനം ഉണ്ടാകുന്നത്. 1911ൽ താൽ അഗ്നിപർവ്വത സ്ഫോടനത്തിൽ 1500ലധികം പേര്‍ മരിച്ചിരുന്നു. സമാന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്ന ഭയത്തിലാണ് ജനങ്ങള്‍.