Asianet News MalayalamAsianet News Malayalam

യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖം സന്ദര്‍ശിച്ച് പിണറായി വിജയന്‍

നെതര്‍ലന്‍ഡ്സ് സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ റോട്ടർഡാം തുറമുഖവും വാഗ്‌നിൻഗെൻ സർവകലാശാലയുടെ പരീക്ഷണകേന്ദ്രവും സന്ദർശിച്ചു. 

pinarayi vijayan roterdam airport vagningan university chief minister
Author
Kerala, First Published May 11, 2019, 8:17 PM IST

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സ് സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ റോട്ടർഡാം തുറമുഖവും വാഗ്‌നിൻഗെൻ സർവകലാശാലയുടെ പരീക്ഷണകേന്ദ്രവും സന്ദർശിച്ചു. റോട്ടർഡാം തുറമുഖത്തിലെ പ്രോഗ്രാം മാനേജർ എഡ്‌വിൻ വാൻ എസ്‌പെൻ അദ്ദേഹത്തെ സ്വീകരിച്ചു. ഉൾനാടൻ ജലഗതാഗതസംവിധാനം, വെള്ളപ്പൊക്ക നിയന്ത്രണം, ജല മാനേജ്‌മെൻറ്, ചരക്കുനീക്കം തുടങ്ങിയ വിവിധ വിഷയങ്ങൾ മനസിലാക്കുന്നതിനായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

തുറമുഖ സംബന്ധ വ്യവസായങ്ങളിലെ പ്രമുഖ ഡച്ച് കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. 460 മില്യൻ ടൺ വാർഷിക ചരക്കുനീക്കമുള്ള റോട്ടർഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലിയതും ലോകത്തെ മുൻനിര തുറമുഖങ്ങളിലൊന്നുമാണ്. 

pinarayi vijayan roterdam airport vagningan university chief minister

വെസ്റ്റ്മാസിലുള്ള വാഗ്‌നിൻഗെൻ സർവകലാശാലയുടെ കാർഷിക ഗവേഷണ പരീക്ഷണകേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രിയെ റിലേഷൻ മാനേജ്‌മെൻറ് ആൻറ് അക്കൗണ്ട് മാനേജ്‌മെൻറ് സീനിയർ അഡ്വൈസർ മാർക്കോ ഒട്ടെ സ്വീകരിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളായ പ്രിസിഷൻ ഫാർമിംഗ്, വിള വൈവിധ്യവത്കരണം, കോൾഡ് സ്‌റ്റോറേജ്, കടൽനിരപ്പിന് താഴെയുള്ള കൃഷിയും കുട്ടനാട്ടിലെ ഉപ്പുവെള്ളത്തിലെ കൃഷിയും, എക്കോ ടൂറിസം തുടങ്ങിയവ സംബന്ധിച്ചും ചർച്ചകളും നടന്നു.

കൃഷി, വനപരിപാലന മേഖലയിൽ ഒന്നാം സ്ഥാനത്തുള്ള വാഗ്‌നിൻഗെൻ സർവകലാശാല ലൈഫ് സയൻസ്, പ്രകൃതി വിഭവ ഗവേഷണത്തിൽ ഗവേഷണത്തിനാണ് ഊന്നൽനൽകുന്നത്. തോട്ടവിളകളുടെ പ്രമുഖ പരീക്ഷണമേഖലയാണ് വെസ്റ്റ്മാസ്. ഭൂഗർഭ ജലസേചന പൈപ്പുകളും 16 കാലാവസ്ഥ നിയന്ത്രിത സ്‌റ്റോറേജ് സെല്ലുകളും ഇവിടെയുണ്ട്. വെസ്റ്റ്മാസിലുള്ള ആന്തൂറിയം ഗ്രീൻ ഹൗസും മുഖ്യമന്ത്രി സന്ദർശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതലാൻഡ്‌സിലെ ഇന്ത്യൻ അമ്പാസഡർ വേണു രാജാമണി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios