പാരിസ്, ദില്ലി: കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിന് ഫ്രാൻസിന്‍റെ പിന്തുണ. ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തണമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്ന് നിർദേശിച്ചു. മൂന്നാമതൊരാൾ പ്രശ്നത്തിൽ ഇടപെടരുതെന്നും ഫ്രാൻസ് നിലപാടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ - ഫ്രാൻസ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോൺ നിലപാട് വ്യക്തമാക്കിയത്. 

അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോൺ, പ്രശ്നം ഇരുകക്ഷികളും തമ്മിൽ പരിഹരിക്കണമെന്ന നിലപാട് പാകിസ്ഥാനെ അറിയിക്കുമെന്നും പറഞ്ഞു. എന്നാൽ, കശ്മീരിനെച്ചൊല്ലി മേഖലയിൽ അക്രമമുണ്ടാകരുത്. ഇരുകക്ഷികളും അക്രമം തുടങ്ങി വയ്ക്കില്ലെന്ന നിലപാടെടുക്കണം. മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങൾ ഹനിയ്ക്കുന്ന നീക്കങ്ങൾ ഇരുരാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്യരുത് - മക്രോൺ വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിനെക്കുറിച്ച് ഒരു പരാമർശവും നടത്തിയില്ല. 

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ യുഎൻ സുരക്ഷാ കൗൺസിൽ നടത്തിയ ചർച്ചയിൽ, ഫ്രാൻസ് ഇന്ത്യൻ നിലപാടിനെ പിന്തുണച്ചിരുന്നു. മാത്രമല്ല, തീവ്രവാദത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു അന്താരാഷ്ട്ര കോൺഫറൻസ് വിളിച്ചു ചേർക്കണമെന്ന മോദിയുടെ ആവശ്യത്തെ മക്രോൺ അന്ന് പ്രസ്താവനയിലൂടെ പിന്തുണയ്ക്കുകയും ചെയ്തു. 

പാരിസിലെത്തിയ മോദിയെ വിദേശകാര്യമന്ത്രി സ്വീകരിച്ചു

വ്യാഴാഴ്ചയോടെ പാരിസിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ ഇവ്‍സ് ലു ദ്രിയാനാണ്. പാരിസിൽ നിന്ന് 60 കിലോമീറ്റർ ദൂരെയുള്ള ഷാൻറ്റിലി എന്നയിടത്ത് വച്ചാണ് മക്രോണുമായി മോദി കൂടിക്കാഴ്ച നടത്തിയത്. 

പ്രതിരോധ, ടെക്നോളജി രംഗങ്ങളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം തന്നെ റഫാൽ പോർവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ത്യയിലെത്തിക്കുമെന്ന് സംയുക്തപ്രസ്താവനയിൽ മക്രോൺ പ്രഖ്യാപിച്ചു. 

സൈബർ സുരക്ഷ, ഡിജിറ്റൽ ടെക്നോളജി എന്നീ രംഗങ്ങളിൽ സഹകരണം വർധിപ്പിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി. ജയ്‍താപൂരിൽ ആറ് ആണവ റിയാക്ടറുകൾ കൂടി പണിയാനുള്ള ടെക്നോ - കൊമേഴ്‍സ്യൽ ഓഫറുകളും, സമുദ്രമേഖലയിൽ നാവിക പ്രതിരോധസഹകരണം മെച്ചപ്പെടുത്താനും തീരുമാനമായി. ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക്, ഫ്രാൻസ് പിന്തുണ നൽകും. ബഹിരാകാശ സഞ്ചാരികൾക്കുള്ള മെഡിക്കൽ ട്രെയിനിംഗ് ഫ്രാൻസ് നൽകും. 2022-ഓടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. 

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സ്റ്റുഡന്‍റ്സ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ 10000 വിദ്യാർത്ഥികളെ ഉൾപ്പെടുത്താനുള്ള ലക്ഷ്യം പൂർത്തീകരിച്ചതായി വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം, 2025-ഓടെ 20,000 വിദ്യാർത്ഥികളെ ഫ്രാൻസിലേക്കും തിരികെ ഇന്ത്യയിലേക്കും ഉന്നത പഠനത്തിനായി എത്താൻ അവസരമൊരുക്കുമെന്നും പ്രഖ്യാപിച്ചു. 

ത്രിരാഷ്ട്ര സന്ദർശനം ഇങ്ങനെ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ മോദി ഇന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നലെ രാത്രിയോടെ ഫ്രാൻസിലെത്തിയ മോദിക്ക് അവിടുത്തെ ഇന്ത്യൻ സമൂഹം ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. ഫ്രാൻസിൽ നിന്ന് രണ്ടു ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി അബുദാബിയിലെത്തും. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. അബുദാബിയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന പ്രധാനമന്ത്രി നാളെ ഉച്ചകഴിഞ്ഞ് ബഹറിനിലേക്ക് തിരിക്കും.