റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തെ അമേരിക്ക പരസ്യമായി അപലപിച്ച സാഹചര്യത്തിലാണ് പ്രസിഡന്റ് പുടിന്റെ ഈ നടപടി.
ബീജിംഗ്: ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്‌സിഒ ഉച്ചകോടി വേദിയിലെ നടപടിക്രമങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കൂടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് യാത്ര ചെയ്തത് ഒരുകാറിൽ. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രതികാര നടപടിക്കിടെയാണ് പുട്ടിനും മോദിയും ഒരുകാറിൽ സഞ്ചരിച്ചത്. എസ്‌സിഒ ഉച്ചകോടി വേദിയിലെ നടപടിക്രമങ്ങൾക്ക് ശേഷം, പ്രസിഡന്റ് പുടിനും ഞാനും ഞങ്ങളുടെ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ വേദിയിലേക്ക് ഒരുമിച്ച് യാത്ര ചെയ്തു. അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ എല്ലായ്പ്പോഴും ഉൾക്കാഴ്ച നൽകുന്നതാണ്- റഷ്യൻ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ഉഭയകക്ഷി യോഗത്തിലേക്ക് എസ്‌സിഒ സമ്മേളന വേദിയിൽ നിന്ന് പ്രധാനമന്ത്രി മോദിയോടൊപ്പം യാത്ര ചെയ്യാൻ പ്രസിഡന്റ് പുടിൻ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ആഗ്രഹം അറിയിച്ചതോടെ രണ്ട് നേതാക്കളും അദ്ദേഹത്തിന്റെ കാറിൽ ഒരുമിച്ച് യാത്ര ചെയ്തു. വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഉഭയകക്ഷി കൂടിക്കാഴ്ച വേദിയിലെത്തിയതിനുശേഷവും ഇരുവരും 45 മിനിറ്റ് കാറിൽ ചെലവഴിച്ചു. ഇതിനുശേഷം ഒരുമണിക്കൂർ ചർച്ച നടന്നു.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തെ അമേരിക്ക പരസ്യമായി അപലപിച്ച സാഹചര്യത്തിലാണ് പ്രസിഡന്റ് പുടിന്റെ ഈ നടപടി. എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ഇന്ത്യ ധനസഹായം നൽകുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. തുടർന്നാണ് ശിക്ഷാ നടപടിയായി അമേരിക്ക 50 ശതമാനം നികുതി ഇന്ത്യക്ക് മേൽ ചുമത്തിയത്. യുഎസ് സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തിയിട്ടില്ല.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും പ്രധാനമന്ത്രി മോദി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എസ്‌സിഒ ഉച്ചകോടിക്കിടെ മൂന്ന് നേതാക്കളും സംസാരിച്ചത്.
