മെഡിറ്ററേനിയന്‍ കടലില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട അഭയാര്‍ത്ഥികളുടെ ബോട്ടില്‍ നിന്ന് ലഭിച്ച വിവാഹമോതിരങ്ങള്‍ രക്ഷാപ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. പാതി മുങ്ങിയ നിലയില്‍ ഒഴുകി നടന്ന ബാഗില്‍ നിന്നായിരുന്നു രണ്ട് വിവാഹ മോതിരങ്ങള്‍ ലഭിച്ചത്. ഈ മോതിരങ്ങളുടെ ഉടമസ്ഥര്‍ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടോയെന്ന ആശങ്കയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍.

Photo taken by Open Arms Italy shows two wedding rings inscribed with the names Ahmed and Doudou

ഇറ്റലിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ഈ മോതിരം കണ്ടെത്തിയത്. ഇതിന് പിന്നാലെ മോതിരങ്ങളുടെ ഉടമസ്ഥരെ തേടിയുള്ള അന്വേഷണം നടത്തുകയായിരുന്നു. അള്‍ജീരിയയില്‍ നിന്നുള്ള ദമ്പതികളാണ് മോതിരങ്ങളുടെ ഉടമസ്ഥര്‍. അഹമ്മദ് എന്നും ഡോബ്ദു എന്നുമായിരുന്നു മോതിരങ്ങളില്‍ കൊത്തിയിട്ടുള്ള പേരുകള്‍. ഇറ്റലിയിലെ ജീവകാരുണ്യ സ്ഥാപനത്തിലെ പ്രവര്‍ത്തകനായ അഹമ്മദ് അല്‍ റൂസാനാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ഉടമസ്ഥരെ കണ്ടെത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അഹമ്മദ് അല്‍ റൂസാന്‍ ബിബിസിയോട് പ്രതികരിക്കുന്നത്. ഒക്ടോബര്‍ 21നാണ് അള്‍ജീരിയന്‍ ദമ്പതികള്‍ സഞ്ചരിച്ച അഭയാര്‍ത്ഥി ബോട്ട് അപകടത്തില്‍പ്പെടുന്നത്. അഞ്ച് പേരാണ് ഈ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടത്. പതിനെട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. മോതിരത്തിന്‍റെ ഉടമസ്ഥരടക്കം പതിമൂന്ന് പേരാണ് ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

Clothes and other items found inside red rucksack

ഇരുപതുകളുടെ തുടക്കത്തിലുള്ള ദമ്പതികള്‍ ലിബിയയിലായിരുന്നു താമസിച്ചത്. എന്നാല്‍ രാജ്യത്തെ സാഹചര്യം അപകടകരമാണെന്ന് ബോധ്യമായതോടെയാണ് ഇവര്‍ യൂറോപ്പിലേക്ക് പലായനം ചെയ്തതത്. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ട ബോട്ട് യാത്രയ്ക്ക് ശേഷം മെഡിറ്ററേനിയന്‍ കടലില്‍ ഇവര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. 

വിവാഹമോതിരങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതിനാല്‍ അവ നന്നാക്കിയെടുക്കാമെന്ന ധാരണയിലായിരുന്നു ബാഗില്‍ സൂക്ഷിച്ചിരുന്നത്. സിസിലിയിലാണ് ഈ മോതിരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവ ഉടന്‍ തന്നെ അഹമ്മദിനും ഭാര്യയ്ക്കും എത്തിച്ച് നല്‍കുമെന്നാണ് ഓപ്പണ്‍ ആംസ് ഷിപ്പ് എന്ന സംഘടന ബിബിസിയോട് വിശദമാക്കിയത്.