കാബൂൾ: അഫ്​ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ യുഎസ് എംബസിക്കുനേരെ സ്ഫോടനം. റോക്കറ്റാക്രമണമാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. സ്‌ഫോടനത്തില്‍ ആളപായം രേഖപ്പെടുത്തിയിട്ടില്ലെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ലോ​ക​ത്തെ ഞെ​ട്ടി​ച്ച 9/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് 18 വ​ര്‍​ഷം തികഞ്ഞ ദി​ന​ത്തി​ലാ​ണ് യു​എ​സ് എം​ബ​സി​ക്കു സ​മീ​പം ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അമേരിക്കയും താലിബാനും തമ്മിൽ നടത്താനിരുന്ന ചര്‍ച്ചകളില്‍ നിന്ന് ഡോണൾഡ് ട്രംപ് പിന്‍മാറിയതിനു പിന്നാലെയാണ് യുഎസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം നടന്നത്.

കാബൂളില്‍ താലിബാൻ നടത്തിയ കാർ ബോംബ് സ്ഫോടനത്തില്‍ ഒരു അമേരിക്കൻ സൈനികൻ ഉള്‍പ്പെടെ 12 പേർ മരിച്ചതിനെ തുടർന്നായിരുന്നു ട്രംപ് ചർച്ചയിൽ നിന്നും പിന്‍മാറിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിൻവലിക്കാൻ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവർത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി.