യുക്രൈൻ ഡ്രോൺ ആക്രമണങ്ങളെ തുടർന്നുണ്ടായ രൂക്ഷമായ ഇന്ധനക്ഷാമം മറികടക്കാൻ റഷ്യ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്നു. ഇതിനിടെ, റഷ്യയെ സഹായിച്ചുവെന്നാരോപിച്ച് ഉപരോധം ഏർപ്പെടുത്തിയിരുന്ന നാല് ഇന്ത്യൻ കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

മോസ്കോ: യുക്രൈനുമായുള്ള യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയിൽ, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നിന്ന് പെട്രോൾ (Gasoline) ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ ലക്ഷ്യമിട്ട് യുക്രൈൻ കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണങ്ങളാണ് റഷ്യയെ കടുത്ത ഇന്ധന പ്രതിസന്ധിയിലാക്കിയത്. ഇതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് ഇന്ത്യയിൽ നിന്ന് കടൽമാർഗം ഇന്ധനം എത്തിക്കേണ്ടി വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റഷ്യയിൽ 11 ടൈം സോണുകളിലും ഇന്ധനക്ഷാമം; രക്ഷകനായി ഇന്ത്യ

യുക്രൈന്റെ ആക്രമണങ്ങളെത്തുടർന്ന് റഷ്യയിലെ വിവിധ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ വൻ ക്യൂവാണ് അനുഭവപ്പെടുന്നത്. പെട്രോൾ വില സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നതോടെ രാജ്യം ഇന്ധന റേഷനിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെ 11 ടൈം സോണുകളിലും ഈ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയിൽ നിന്നുള്ള വിതരണം: ഇതിനകം തന്നെ ഇന്ത്യയിൽ നിന്ന് രണ്ട് കൂറ്റൻ ടാങ്കറുകളിലായി കുറഞ്ഞത് 60,000 മെട്രിക് ടൺ പെട്രോൾ റഷ്യയിലേക്ക് അയച്ചതായാണ് വിവരം.

റഷ്യയുടെ പ്ലാൻ: അയൽരാജ്യമായ ബെലാറസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നായി പ്രതിമാസം 4,00,000 ടൺ പെട്രോൾ ഇറക്കുമതി ചെയ്യാനാണ് റഷ്യ പദ്ധതിയിടുന്നത്. വേനൽക്കാലത്ത് റഷ്യയിലെ പ്രതിദിന പെട്രോൾ ഉപഭോഗം 1,10,000 ടണ്ണിലേക്ക് ഉയരാറുണ്ട്.

പുടിന്റെ സമ്മതപത്രം: എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മന്ത്രിമാരുടെ യോഗത്തിൽ സമ്മതിച്ചു. പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ പാർലമെന്റ് നികുതി നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ഇന്ത്യയിലെ നിരക്കുകൾക്ക് അനുസൃതമായി ഇന്ധന ഇറക്കുമതിക്ക് സബ്‌സിഡി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി റെക്കോർഡ് നിരക്കിലേക്ക് ഉയർത്തിയതിന് പിന്നാലെയാണ് റഷ്യ ഇന്ത്യയിൽ നിന്ന് പെട്രോൾ വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

4 ഇന്ത്യൻ കമ്പനികളുടെ വിലക്ക് നീക്കി അമേരിക്ക

ഇതേ സമയ്, റഷ്യൻ സൈന്യത്തിന് അത്യാധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകി യുക്രൈൻ യുദ്ധത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്ന നാല് ഇന്ത്യൻ കമ്പനികളെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കി. യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള 'ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ' (OFAC) ആണ് തങ്ങളുടെ വിലക്കുള്ളവരുടെ പട്ടികയിൽ (SDN List) നിന്ന് ഇവരെ നീക്കിയത്.

വിലക്ക് നീക്കിയ കമ്പനികൾ

ആർ.ആർ.ജി എഞ്ചിനീയറിംഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ഹൈദരാബാദ്)

ലോകേഷ് മെഷീൻസ് ലിമിറ്റഡ് (ഹൈദരാബാദ്)

ഗാലക്സി ബെയറിംഗ്സ് ലിമിറ്റഡ് (അഹമ്മദാബാദ്)

ശൗര്യ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് (ദില്ലി)