Asianet News MalayalamAsianet News Malayalam

Ukraine Crisis : റഷ്യ- യുക്രൈൻ ചർച്ച തുടരും; പൗരന്മാരോട് റഷ്യ വിടാൻ അമേരിക്കൻ നിർദ്ദേശം

Russia Ukraine Crisis : റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു. നയതന്ത്ര ഉദ്യോ​ഗസ്ഥരോടും മടങ്ങിയെത്താൻ നിർദ്ദേശം നൽകി. ബെലാറൂസിലെ യു എസ് അംബസി അടയ്ക്കുകയും ചെയ്തു. 

russia ukraine talks to continue us instructs citizens to leave russia
Author
Ukraine, First Published Feb 28, 2022, 8:39 PM IST

കീവ്: ബെലാറൂസിൽ (Belatus)  റഷ്യ- യുക്രൈൻ സമാധാന ചർച്ച (Russia Ukraine Peace Talks) തുടരുന്നു. റഷ്യൻ സേനയുടെ പിന്മാറ്റവും വെടിനിർത്തലുമാണ് പ്രധാന അജണ്ട. ബെലാറൂസ് അതിര്‍ത്തിയിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവാണ് യുക്രൈന്‍ സംഘത്തെ നയിക്കുന്നത്. ചർച്ചകൾ മൂന്നാം റൗണ്ടിലെത്തി എന്നാണ് റിപ്പോർട്ടുകൾ. 

റഷ്യ ധാരണക്ക് തയ്യാറാണെന്ന് ചർച്ച തുടങ്ങിയ അവസരത്തിൽ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചര്‍ച്ചയില്‍ എന്ത് പറയുമെന്ന് മുന്‍കൂട്ടി പറയില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. നിരുപാധികം കീഴടങ്ങുക, നാറ്റോ, ഇയു അംഗത്വ ആവശ്യം ഉപേക്ഷിക്കുക എന്നിവയിലേതെങ്കിലുമൊന്നാകും റഷ്യ ആവശ്യപ്പെടുക എന്നാണ് സൂചന.   എന്നാല്‍ ഇക്കാര്യം യുക്രൈന്‍ അംഗീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. 

അതിനിടെ, റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു. നയതന്ത്ര ഉദ്യോ​ഗസ്ഥരോടും മടങ്ങിയെത്താൻ നിർദ്ദേശം നൽകി. ബെലാറൂസിലെ യു എസ് അംബസി അടയ്ക്കുകയും ചെയ്തു. 

ഒരു വശത്തു സമാധാന ചര്‍ച്ച, മറു വശത്ത് ആക്രമണം

യുക്രൈന്‍ നഗരമായ ചെര്‍ണിഹിവില്‍ ജനവാസ മേഖലയില്‍ റഷ്യ മിസൈല്‍ ആക്രമണത്തെ നടത്തി. വടക്കന്‍ നഗരമായ ചെര്‍ണിഹിവില്‍  റഷ്യ ബോംബിട്ടത്  ജനങ്ങള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ താഴത്തെ നിലയിലാണ്. കീവിലും ഖാര്‍കീവിലും ഇന്നലെ  രാത്രിയും ഇന്ന് പുലര്‍ച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്പോഴും കീവും ഖാര്‍കീവും കീഴടങ്ങാതെ തന്നെ നില്‍ക്കുന്നു.  ഏറെ ബുദ്ധിമുട്ടുള്ള ഞായറാഴ്ചയാണ് കടന്നു പോയതെന്നും അടുത്ത 24  മണിക്കൂര്‍  യുക്രൈനെ സംബന്ധിച്ച് നിര്‍ണായകമെന്നും പ്രസിഡന്റ് വ്‌ലാദിമിര്‍ സെലിന്‍സ്‌കി പറഞ്ഞു. ഷ്യൻ സൈന്യം വളഞ്ഞിട്ടിരിക്കുന്ന കീവ് നഗരത്തിൽ സൈന്യത്തിനൊപ്പം പ്രതിരോധത്തിന് പരമാവധി പേരെ പരിശീലിപ്പിക്കുകയാണ് യുക്രൈൻ സൈന്യം.   സാധാരണ പൗരന്മാരടക്കമുള്ളവരാണ് സൈന്യത്തിനൊപ്പം പ്രതിരോധത്തിന് എത്തുന്നത്. കടന്നുകയറുന്ന റഷ്യൻ സൈന്യത്തെ എല്ലാ വിധത്തിലും പ്രതിരോധിക്കുകയാണ് യുക്രൈൻ ജനതയും.  ബെർഡിയാൻസ് മേഖലയിൽ തടഞ്ഞിട്ട റഷ്യൻ സൈനിക വാഹനത്തിന് മുന്നിൽ കൂട്ടമായി നിന്ന് യുക്രൈൻ ദേശീയഗാനമാലപിക്കുന്ന ജനങ്ങളുടെ വീഡിയോ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുകയാണ്. 

അതിനിടെ ബെലാറൂസ് സൈന്യം റഷ്യക്ക്  ഒപ്പം ചേര്‍ന്ന് യുക്രൈനെ ആക്രമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. കിഴക്കന്‍ പട്ടണമായ ബെര്‍ഡിയന്‍സ്‌ക് പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. അഞ്ചു ദിവസത്തെ ആക്രമണങ്ങളില്‍ 350 യുക്രൈന്‍കാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനവാസ മേഖലകള്‍ ആക്രമിച്ചത് അടക്കം  റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈന്‍ പുറത്തുവിട്ടു.  

ഉപരോധങ്ങള്‍ക്ക് മറുപടി ആയി യൂറോപ്പിലേക്കുള്ള ഇന്ധന , എണ്ണ വിതരണം നിര്‍ത്തുമെന്ന് റഷ്യ ഭീഷണി മുഴക്കി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ നേതാക്കള്‍ യോഗം വിളിച്ചിട്ടുണ്ട്. അതിശക്തരായ റഷ്യയെ ഒറ്റയ്ക്ക് പ്രതിരോധിക്കുന്ന ധീര നായകന്‍ എന്ന പ്രതിച്ഛായ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുടെ ജനപ്രീതി കുത്തനെ ഉയര്‍ത്തി. 90 ശതമാനം യുക്രൈന്‍കാര്‍ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ വോട്ടെടുപ്പിലെ സൂചന. ആറു മാസം മുന്‍പ് മുപ്പതു ശതമാനം മാത്രമായിരുന്നു സെലന്‍സ്‌കിയുടെ ജനപ്രീതി. 

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമായി. നാല് ലക്ഷം പേര്‍ ഇതിനകം എല്ലാം ഇട്ടെറിഞ്ഞു പ്രാണ രക്ഷാര്‍ത്ഥം അതിര്‍ത്തികളില്‍ എത്തി. അഭയാര്‍ത്ഥികളോടു പരമാവധി മാനുഷികത കാട്ടുമെന്ന് റുമേനിയ , പോളണ്ട് , ഹംഗറി , സ്ലോവേക്യ , മൊള്‍ഡോവ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യയിൽ നിന്ന് തന്നെ ഉയരുന്ന എതിർപ്പുകൾ

യുക്രൈന് മേൽ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ പുടിന്റെ റഷ്യയിൽ നിന്നു തന്നെ കൂടുതൽ ശക്തമായ ശബ്ദങ്ങളുയരുകയാണ്.   റഷ്യൻ ടെന്നിസ് താരം അനസ്താസിയ പാവ്ലിചചെങ്കോവയുടെ നിലപാട് പ്രഖ്യാപനമാണ് ഇന്ന് ശ്രദ്ധേയമായത്. വ്യക്തിതാൽപര്യങ്ങളും രാഷ്ട്രീയമോഹങ്ങളും അക്രമങ്ങൾക്ക് നീതീകരണമാവില്ലെന്ന് തുറന്നെഴുതിയാണ് നിലപാട് പ്രഖ്യാപനം.   റഷ്യ എന്റെ കൂടി രാജ്യമാണന്നും,  ഈ യുദ്ധത്തിൽ ഭയമുണ്ടെന്നും എന്നാൽ   യുദ്ധത്തിനെതിരായ നിലപാട് പറയാൻ ഒട്ടും  ഭയമില്ലെന്നും താരം വ്യക്തമാക്കി. 
 
 

Follow Us:
Download App:
  • android
  • ios