ഏഴ് ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും മേഖലയിലുണ്ട്. ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയങ്ങൾ സ്ഥിതി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്
ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ശക്തമാകുന്നതനിടെ ഹോർമുസിലുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. മേഖലയിലുള്ള കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്കായി പ്രത്യേക ഡാഷ് ബോർഡുകൾ തുടങ്ങും. അടിയന്തര ഘട്ടത്തിൽ നാവികർക്കായി ലെയ്സൺ ഉദ്യോഗസ്ഥരെ നിയമിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിലവിൽ വിവിധ കപ്പലുകളിലും ടാങ്കറുകളിലുമായി 150 നാവികർ മേഖലയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക്.
ഇന്നലെ ഒമാൻ തീരത്ത് യുഎഇ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരിന്ത്യക്കാരന് ജീവൻ നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാരിൻ്റെ അടിയന്തര ഇടപെടൽ. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നീ മേഖലകളിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളിലെയും ഇന്ത്യൻ നാവികരെ തത്സമയം നിരീക്ഷിക്കാൻ പുതിയ ഓപ്പറേഷണൽ ഡാഷ്‌ബോർഡ് സ്ഥാപിക്കും.
കപ്പൽ ഏത് രാജ്യത്തിൻ്റെ പതാക വഹിക്കുന്നതാണെങ്കിലും അതിലുള്ള ഓരോ ഇന്ത്യൻ പൗരൻ്റെയും വിവരങ്ങൾ ഇതിലൂടെ ട്രാക്ക് ചെയ്യാൻ കഴിയും. കപ്പലിൻ്റെ സ്ഥാനം, ഉടമസ്ഥത, റൂട്ട്, ഭീഷണി സാധ്യതകൾ എന്നിവയ്ക്ക് പുറമെ നാവികർക്ക് ആവശ്യമായ ഭക്ഷണം, ഇന്ധനം, മരുന്ന്, ആശയവിനിമയ സൗകര്യങ്ങൾ എന്നിവ ലഭ്യമാണോ എന്നും ഈ ഡാഷ്‌ബോർഡ് വഴി വിലയിരുത്താനാകും. നിലവിൽ ഏഴ് ഇന്ത്യൻ കപ്പലുകൾ മേഖലയിൽ ഉണ്ട്. വിവിധ കപ്പലുകളിലും ടാങ്കറുകളിലുമായി 150 ഇന്ത്യൻ നാവികർ ഹോർമൂസിൽ ഉണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
പശ്ചിമേഷ്യൻ പ്രതിസന്ധി തുടങ്ങിയത് മുതൽ ഇതുവരെ 9 ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടപ്പെടുകയും, ഒരാളെ കാണാതാവുകയും, 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാവികരുമായി പോയ കപ്പലുകൾക്ക് നേരെ 29 തവണയാണ് ആക്രമണമുണ്ടായതെന്നും കേന്ദ്ര സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. അടിയന്തര ഘട്ടത്തിൽ നാവികർക്കും കുടുംബാഗങ്ങൾക്കുമായി ലെയ്സൺ ഓഫീസർമാരെ നിയമിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.
കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടാനും, പരിക്കേറ്റവരുടെ ചികിത്സ ഉൾപ്പടെയുള്ള വിവരങ്ങൾ നൽകാനും, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും, ഇൻഷുറൻസ്-ശമ്പള കുടിശ്ശികകൾ വാങ്ങി നൽകാനുമായി ഈ ഉദ്യോഗസ്ഥർക്ക് ചുമതല നലകും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നാവികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്.
വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നാവികസേന, ഇറാനിലെയും ഒമാനിലെയും ഇന്ത്യൻ എംബസികൾ എന്നിവയുമായി ചേർന്ന് നാവികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഏകോപനം ഷിപ്പിംഗ് മന്ത്രാലയം നടത്തുമമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നാവികർക്കെതിരായ ആക്രമണം വിവിധ അന്താരാഷ്ട്ര വേദികളിൽ ശക്തമായി ഉന്നയിക്കാനും ഇന്ത്യ തീരുമാനിച്ചു.

