ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ നാശനഷ്ടം. മാക്‌സർ ടെക്‌നോളജീസ് ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടു
ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിൽ നാശനഷ്ടം. മാക്‌സർ ടെക്‌നോളജീസ് ആണ് ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇറാനിനെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ഓപ്പറേഷൻ റൈസിങ് ലയണ്‍ ആണ് നാശം വിതച്ചത്. നതാൻസ് ആണവ കേന്ദ്രത്തിന്‍റെ ആക്രമണത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.
ആഗോള തലത്തിലെ മുന്നറിയിപ്പുകൾ അവഗണിച്ച് ഇറാൻ ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് ഇസ്രായേൽ ആരോപിച്ചു, ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്‍റെ ആരോപണം. എന്നാൽ ആണവ പദ്ധതികൾ ഊർജ്ജം പോലുള്ള ജനോപകാരത്തിന് മാത്രമാണെന്നാണ് ഇറാന്‍റെ വാദം.
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇറാന്‍റെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാൻസിലും ഫോർഡോയിലും ഇസ്ഫഹാനിലെ യുറേനിയം കേന്ദ്രത്തിലും ഇസ്രയേൽ ആക്രമണം നടത്തി. നതാൻസ് ആണവ കേന്ദ്രത്തിന്‍റെ ഭൂമിക്കു മുകളിലുള്ള ഭാഗമാണ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നത്.
ആണവ കേന്ദ്രങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുതെന്നും അങ്ങനെ ചെയ്താൽ ഇറാൻ ജനതയ്ക്ക് മാത്രമല്ല രാജ്യത്തിനും മേഖലയ്ക്കും അപ്പുറത്തേക്കും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഐഎഇഎ മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. കേന്ദ്രത്തിൽ ഇതുവരെ റേഡിയേഷൻ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നും റാഫേൽ ഗ്രോസി പറഞ്ഞു. അതേസമയം വൈദ്യുതി വിതരണത്തിൽ വ്യാപകമായ തടസ്സമുണ്ടായി.
ടെഹ്‌റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ അകലെയാണ് നതാൻസ് ആണവ കേന്ദ്രം. വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ, ഭൂമിക്കടിയിലാണ് പ്രവർത്തനം. നേരത്തെ 15 വർഷം മുൻപ് കമ്പ്യൂട്ടർ വൈറസ് ആക്രമണം നതാൻസിനെതിരെ ഉണ്ടായിട്ടുണ്ട്.
