വാ​ഷി​ങ്​​ട​ൺ: തെരഞ്ഞെടുപ്പിന് മുന്‍പ് ത​ന്ത്ര​പ്ര​ധാ​നസ്ഥാനത്തേക്ക് തന്‍റെ നോമിനിയെ എത്തിച്ച് ട്രംപിന്‍റെ നേട്ടം. ഡെമോക്രാറ്റുകളുടെ എതിര്‍പ്പിനെ മറികടന്ന് യു.​എ​സ്​ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ൽ ഒ​രാ​ളെ കൂ​ടി അ​വ​രോ​ധി​ക്കാന്‍ സാധിച്ചതാണ്​ പ്ര​സി​ഡ​ൻ​റ്​ ട്രം​പിന് നേട്ടമാകുന്നത്. അ​തി​വേ​ഗ നി​യ​മ​ന​ത്തി​നെ​തി​രെ ​പ്ര​തി​പ​ക്ഷം നീക്കങ്ങള്‍ ശക്തമാക്കിയിട്ടും ​സെ​ന​റ്റി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ്​ ആ​മി കോ​നി ബാ​രെ​റ്റിന്‍റെ നി​യ​മ​ന​ത്തി​ന് ട്രംപ്​ അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്ത​ത്. 

ജ​സ്​​റ്റീ​സ്​ ബാ​രെ​റ്റ്​ യു.​എ​സ്​ സു​പ്രീം കോ​ട​തി​യി​ലെ 115മ​ത്തെ​യും വ​നി​ത​ക​ളി​ൽ അ​ഞ്ചാ​മ​ത്തെ​യും ജ​ഡ്​​ജി​യാ​യാ​ണ്​ ചു​മ​ത​ല​യേ​റ്റ​ത്.  വൈ​റ്റ്​​ഹൗ​സി​ൽ ട്രം​പിന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ഇ​തോ​ടെ, യു.​എ​സ്​ സു​പ്രീം കോ​ട​തി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ക​ക്ഷി​ക്ക്​ 6-3​ന്‍റെ മേ​ൽ​ക്കൈ ല​ഭി​ക്കും. 

ആ​മി ബാ​രെ​റ്റിന്‍റെ നി​യ​മ​നം തി​ര​ക്കി​ട്ട ന​ട​പ​ടി​യാ​യെ​ന്ന്​ ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​സി​ഡ​ന്‍റ് സ്​​ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ കു​റ്റ​പ്പെ​ടു​ത്തി. രാ​ഷ്​​ട്രീ​യ​സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ൾ കോ​ട​തി​യി​ലെ​ത്തി​യാ​ൽ പു​തി​യ നി​യ​മ​ന​ത്തോ​ടെ റി​പ്പ​ബ്ലി​ക്ക​ൻ ക​ക്ഷി​ക്ക്​ മേ​ൽ​ക്കൈ ല​ഭി​ക്കും.2017ൽ ​നീ​ൽ ഗോ​ർ​സു​ച്ചും 2018ൽ ​ബ്രെ​റ്റ്​ ക​വാ​നോ​ഗു​മാ​ണ്​ ട്രം​പ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത മ​റ്റ്​ ജ​ഡ്​​ജി​മാ​ർ. ജ​സ്​​റ്റി​സ്​ റൂ​ഥ്​ ​ബേ​ഡ​ർ ഗി​ൻ​സ്​​ബ​ർ​ഗ്​ ക​ഴി​ഞ്ഞ മാ​സം മ​രി​ച്ച ഒ​ഴി​വി​ലാ​ണ്​ പു​തി​യ നി​യ​മ​നം. 

സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ പ്ര​തി​പ​ക്ഷ​ത്തെ ഒ​രാ​ളു​ടെ പോ​ലും പി​ന്തു​ണ​യി​ല്ലാ​തെ ഒ​രാ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​യി​രു​ന്നു തി​ര​ക്കി​ട്ട നി​യ​മ​നം. നി​യ​മ​നം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞാവണ​മെ​ന്നാ​യി​രു​ന്നു ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ആ​വ​ശ്യം.