Asianet News MalayalamAsianet News Malayalam

കൊളംബോയില്‍ വീണ്ടും സ്ഫോടനങ്ങള്‍: മരിച്ചവരില്‍ ഒരു മലയാളിയും

സ്ഫോടനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. 

serial blasts continues in srilanka curfew imposed
Author
Colombo, First Published Apr 21, 2019, 3:04 PM IST

കൊളംബോ: ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയെ ഞെട്ടിച്ച് സ്ഫോടന പരമ്പരകള്‍. ഇന്ന് രാവിലെയുണ്ടായ ആറ് സ്ഫോടനങ്ങളിലായി 160-ഓളം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ലങ്കയിലെ സ്ഫോടനത്തില്‍ ഒരു മലയാളി കൊലപ്പെട്ടതായി വിവരമുണ്ട്. കാസര്‍ഗോഡ് മെഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ റസീന ആണ് മരിച്ചത്. ശ്രീലങ്കയില്‍ ഉള്ള ബന്ധുക്കളെ കാണാനായാണ് ഇവര്‍ കൊളംബോയിലെത്തിയത്. 

കൊളംബോയിലെ ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം  ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം  വീണ്ടുമൊരു സ്ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംസങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ. 

സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ബോംബ് സ്ഫോടനത്തിന് പിന്നാലെ ദെയവാലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതലെന്ന നിലയില്‍ രാജ്യത്തെ സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. 

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിവസം രാവിലെയുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 160-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദേശികളാണ്. 

ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു. 
വടക്കന്‍ കൊളംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കിഴക്കന്‍ കൊളംബോയിലെ ബാറ്റികലോവ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. കൊളംബോ നഗരത്തിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ചിലുണ്ടായസ്ഫോടനത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. 

കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി. പക്ഷേ ഇവിടങ്ങളില്‍ എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഹോട്ടലുകളിലുണ്ടായത് ചാവേര്‍ ആക്രമണമാണെന്നും സൂചനയുണ്ട്. 

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര സുരക്ഷസമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സ്ഫോടന സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം. 

Follow Us:
Download App:
  • android
  • ios