ഇറാനിലെ സെപാ ബാങ്കിന് നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. "പ്രെഡേറ്ററി സ്പാരോ" എന്ന ഹാക്കിംഗ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

ടെഹ്റാൻ: ഇറാനിലെ പ്രമുഖ സർക്കാർ ബാങ്കുകളിലൊന്നായ സെപാ ബാങ്കിന് നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഫാർസ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൈബർ ആക്രമണം ബാങ്കിന്റെ ഓൺലൈൻ സേവനങ്ങളെ പൂര്‍ണമായും തടസ്സപ്പെടുത്തി. മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായി ബാങ്ക് അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

"പ്രെഡേറ്ററി സ്പാരോ" (പേർഷ്യൻ ഭാഷയിൽ ഗോഞ്ചെഷ്കെ ദരാൻഡെ) എന്ന് പേരുള്ള, ഇസ്രായേലുമായി ബന്ധമുള്ള ഒരു ഹാക്കിംഗ് ഗ്രൂപ്പ് ഈ സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബാങ്കിന്റെ ഡാറ്റകൾ "നശിപ്പിച്ചതായി" അവർ അവകാശപ്പെട്ടുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

അതേസമയം, ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ അലി ശദ്‍മാനിയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്‍മാനി.