പ്രധാനമന്ത്രി രാജ്യത്തിന്റെ ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും പ്രസിഡൻ്റിനോട് അസംബ്ലി പിരിച്ച് വിടാൻ ആവശ്യപ്പെടാൻ അധികാരമില്ലെന്നുമാണ് സുപ്രീം കോടതി വിധിയെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കറാച്ചി: പാക്കിസ്ഥാനിൽ വീണ്ടും ട്വിസ്റ്റ്. പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടിയായി സുപ്രീംകോടതി വിധി. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച പാക് പരമോന്നത കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കി. പാക് ദേശീയ അസംബ്ലി പിരിച്ച് വിട്ട നടപടിയും കോടതി റദ്ദാക്കി. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഇതോടെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ശനിയാഴ്ച പത്ത് മണിക്ക് വിശ്വാസ വോട്ടെടുപ്പ് വീണ്ടും നടക്കും.

Add Asianetnews as a Preferred SourcegooglePreferred

പ്രധാനമന്ത്രി രാജ്യത്തിന്റെ ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും പ്രസിഡൻ്റിനോട് അസംബ്ലി പിരിച്ച് വിടാൻ ആവശ്യപ്പെടാൻ അധികാരമില്ലെന്നുമാണ് സുപ്രീം കോടതി വിധിയെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ജ‍ഡ്ജിമാരടങ്ങിയ ബെഞ്ച് ഐക്യകണ്ഠേനയാണ് വിധി പാസാക്കിയത്. 

സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ഭരണഘടനയുടെ 95 മത്തെ ആർട്ടിക്കിളിന്റെ ലംഘനമുണ്ടായെന്നാണ് ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ അറിയിച്ചത്. സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യമെങ്കിലും ഇത് കോടതി നിരാകരിച്ചിരുന്നു. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. 

അവിശ്വാസം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടന വളച്ചൊടിച്ചു, അവിശ്വാസം പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ വാദം. ഇത് സുപ്രീം കോടതി അംഗീകരിച്ചിരിക്കുകയാണ്. 

പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിച്ചത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാന്‍ ആവില്ലെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ക്വസിം സൂരിയുടെ നിലപാട്. അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. അതിന് ശേഷമാണ് ഇമ്രാൻ ഖാൻ പ്രസിഡൻ്റിനെ കണ്ട് അസംബ്ലി പിരിച്ച് വിടാൻ ആവശ്യപ്പെട്ടതും രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതും.