യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലവില്‍ വന്ന തിങ്കളാഴ്ചയ്ക്ക് ശേഷം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ തെക്കന്‍ ലെബനനില്‍ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

ബെയ്‌റൂട്ട്: ലെബനന്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, തെക്കന്‍ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. മന്‍സൂരി, ആസിയേ എന്നീ നഗരങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടു. ബരാഷിത് എന്ന സ്ഥലത്തും ഇസ്രായേല്‍ ആക്രമണം നടത്തി. തെക്കന്‍ ലെബനനിലെ നബാതിയ അല്‍-ഫൗഖ പ്രദേശത്തും അയല്‍ഗ്രാമമായ ക്ഫാര്‍ ടെബ്‌നിറ്റിന്റെ അതിര്‍ത്തികളിലും ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടതായി ലെബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേല്‍ പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലവില്‍ വന്ന തിങ്കളാഴ്ചയ്ക്ക് ശേഷം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ തെക്കന്‍ ലെബനനില്‍ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ലെബനന്റെ ഭാവി എന്താകുമെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. നിലവില്‍ തെക്കന്‍ ലെബനന്റെ വലിയൊരു ഭാഗം ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

താല്‍ക്കാലിക യുഎസ്-ഇറാന്‍ കരാറിലെ വ്യവസ്ഥകള്‍ ലെബനന് ബാധകമല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. തങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഹിസ്ബുള്ളയ്ക്ക് എതിരെ സൈനിക നടപടി തുടരാന്‍ അവകാശമുണ്ടെന്ന് ഇസ്രായേല്‍ വാദിക്കുന്നു. ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ തുടരുമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കാതെ യുദ്ധം പൂര്‍ണ്ണമായി അവസാനിക്കില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. ആക്രമണം തുടര്‍ന്നാല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ ജോയിന്റ് മിലിട്ടറി കമാന്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണം യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ആക്രമണത്തെ പരാമര്‍ശിച്ച്, നെതന്യാഹുവിന്റെ നടപടി അതിരുകടന്നുപോയെന്നും അത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും ട്രംപ് തുറന്നടിച്ചു. 'അമേരിക്കയില്ലെങ്കില്‍ ഇസ്രായേല്‍ ഇല്ല. ഞാനില്ലെങ്കില്‍ ഇസ്രായേല്‍ ഉണ്ടാകുമായിരുന്നില്ല, കാരണം മറ്റൊരു പ്രസിഡന്റും എനിക്ക് മുന്‍പ് ചെയ്യാത്ത കാര്യങ്ങളാണ് ഞാന്‍ അവര്‍ക്കായി ചെയ്തത്,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ആവശ്യമുള്ളത്ര കാലം തങ്ങളുടെ സൈന്യം ലെബനനില്‍ തുടരുമെന്നാണ് തിങ്കളാഴ്ച നെതന്യാഹു വ്യക്തമാക്കിയത്. ഇതിനെതിരെ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിട്ടുണ്ട്. ലെബനന് മേലുള്ള ഇസ്രായേലിന്റെ ഏത് ആക്രമണവും അവിടെ സൈന്യത്തെ നിലനിര്‍ത്തുന്നതും യുഎസുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുഎസ്-ഇറാന്‍ കരാറിന്റെ പരിധിയില്‍ ലെബനനും ഉള്‍പ്പെടുന്നുണ്ട്.

വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ബുര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ വെച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഈ ധാരണാപത്രത്തില്‍ ഒപ്പുവെക്കുമെന്നാണ് സ്വിസ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന. കരാര്‍ ഒപ്പിട്ട ശേഷം വാര്‍ത്താസമ്മേളനം വിളിച്ച് ഇതിലെ വ്യവസ്ഥകള്‍ ഓരോന്നായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വായിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം, ലെബനനില്‍ ഉടനടി ശക്തമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഹിസ്ബുള്ളയെ നിരായുധരാക്കണമെന്നുമാണ് ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ലോകനേതാക്കള്‍ ആവശ്യപ്പെട്ടത്.