Asianet News MalayalamAsianet News Malayalam

ലോകത്തിന്റെ കണ്ണുകൾ വീണ്ടും ബംഗ്ലാദേശിലേക്ക്, ആരാണ് ഷെയ്ഖ് ഹസീന, എവിടെയാണ് പിഴച്ചത്

തുടക്കം മുതലേ പ്രക്ഷോഭത്തെ അടിച്ചമർത്താനും പൊലീസിനെയും സൈന്യത്തെയും ഉപയോ​ഗിച്ച് നേരിടാനുമാണ് സർക്കാർ ശ്രമിച്ചത്. സമാധാന നീക്കങ്ങൾക്കോ സമവായത്തിനോ ശ്രമിച്ചില്ല. ഇതിന്റെയെല്ലാം പരിണിത ഫലമാണ് രാജിയും രാജ്യം വിടലും. 

sheikh hasina flee to India, who is Sheikh Hasina, what is happening in Bangladeh
Author
First Published Aug 5, 2024, 5:17 PM IST | Last Updated Aug 5, 2024, 5:31 PM IST

രിടവേളക്ക് ശേഷം ബം​ഗ്ലാദേശിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. തുടർച്ചയായ രാഷ്ട്രീയ അസ്ഥിരതക്ക് ശേഷം 2009ൽ ഷെയ്ഖ് ഹസീന അധികാരത്തിലേറിയതുമുതൽ ബം​ഗ്ലാദേശ് രാഷ്ട്രീയ സ്ഥിരതയിലായിരുന്നു. എന്നാൽ തൊഴിലില്ലായ്മയും സർക്കാറിന്റെ ഏകാധിപത്യ പ്രവണതയും കാര്യങ്ങൾ തകിടം മറിച്ചു. 1971 ലെ ബം​ഗ്ലാദേശ് സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണമെന്ന സർക്കാർ നയമാണ് പുതിയ സംഭവവികാസങ്ങളിലേക്ക് നയിച്ചത്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീ​ഗിന്റെ പ്രവർത്തകർക്കാണ് ഇതുവഴി സർക്കാർ ജോലി ലഭിക്കുന്നതെന്നും ആരോപണമുയർന്നു. വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം പ്രതിപക്ഷവുമേറ്റെടുത്തതോടെ രൂക്ഷമായി. വിദ്യാർഥികളടക്കം 300ഓളം പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. തുടക്കം മുതലേ പ്രക്ഷോഭത്തെ അടിച്ചമർത്താനും പൊലീസിനെയും സൈന്യത്തെയും ഉപയോ​ഗിച്ച് നേരിടാനുമാണ് സർക്കാർ ശ്രമിച്ചത്. സമാധാന നീക്കങ്ങൾക്കോ സമവായത്തിനോ ശ്രമിച്ചില്ല. ഇതിന്റെയെല്ലാം പരിണിത ഫലമാണ് രാജിയും രാജ്യം വിടലും. 

ആരാണ് ഷെയ്ഖ് ഹസീന?

ബം​ഗ്ലാദേശ് സ്ഥാപകൻ മുബീബുർ റഹ്മാന്റെ മകൾ എന്ന നിലയിൽ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പേ പ്രസിദ്ധയാണ് ഷെയ്ഖ് ഹസീന. 1947 സെപ്റ്റംബര്‍ 28-ന് കിഴക്കന്‍ ബംഗാളിലെ തുങ്കിപ്പാറയില്‍ ജനനം. ബിരുദത്തിന് ശേഷം ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ബംഗാളി ആണവ ശാസ്ത്രജ്ഞനായ എം.എ. വാസെദ് മിയയെ 1967-ല്‍ ഹസീന വിവാഹം കഴിച്ചു. ബം​ഗ്ലാ​ദേശ് സ്വാതന്ത്ര്യ സമരകാലത്ത് മുഖ്യധാര രാഷ്ട്രിയത്തിലേക്കെത്തി. 1971-ൽ  ഹസീനയും കുടുംബത്തിലെ മറ്റ് അംഗങ്ങളും കുറച്ചുകാലം തടവിലാക്കപ്പെട്ടു. 1975 ഓഗസ്റ്റ് 15-ന് മുജീബുര്‍ റഹ്‌മാനെയും കുടുംബത്തിലെ മറ്റംഗങ്ങളെയും സൈന്യം കൊലപ്പെടുത്തി രാജ്യം അട്ടിമറിക്കുമ്പോള്‍ ഹസീനയും ഭര്‍ത്താവും മക്കളും സഹോദരി ഷെയ്ഖ് രഹനയും യൂറോപ്പ് സന്ദര്‍ശനത്തിലായിരുന്നു. അതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. ഇവര്‍ പശ്ചിമ ജര്‍മ്മനിയിലെ ബംഗ്ലാദേശ് അംബാസഡറുടെ വീട്ടില്‍ അഭയം തേടി. പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്തു. ഇതോടെ ഹസീനയും കുടുംബവും ആറ് വര്‍ഷത്തോളം ദില്ലിയില്‍ ജീവിച്ചു. 1981-ല്‍ സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടു. ആ വര്‍ഷം തന്നെ ഇന്ത്യയില്‍ പ്രവാസജീവിതം നയിക്കുന്നതിനിടയില്‍ അവാമി ലീഗിന്റെ പ്രസിഡന്റായി ഹസീന തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ ജീവിതത്തില്‍ 19 തവണ വധശ്രമം നേരിട്ട ഹസീനയെ രാഷ്ട്രീയ പ്രതിഭാസമെന്നാണ് വിലയിരുത്തുന്നത്. 

Read More... സഹോദരിക്കൊപ്പം രാജ്യം വിട്ട് ഷെയ്ഖ് ഹസീന, അഭയം നൽകില്ലെന്ന് ഇന്ത്യ, അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ബിഎസ്എഫ്

പിതാവിന്റെ പാത പിന്തുടർന്ന് സജീവ രാഷ്ട്രീയത്തിലിറങ്ങിയ ഹസീന, 1981-ൽ, രാഷ്ട്രീയ എതിരാളിയായ ബിഎൻപി (ബം​ഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി) നേതാവും മുൻ പ്രധാനമന്ത്രിയുമായ ബീ​ഗം ഖാലിദ സിയയുമായി ചേർന്ന് ജനാധിപത്യത്തിനായുള്ള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകി. 1990-ൽ സൈനിക ഭരണാധികാരി ഹുസൈൻ മുഹമ്മദ് എർഷാദിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സൈനിക ഭരണത്തിനെതിരായ പോരാട്ടത്തിൻ്റെ പേരിൽ ബം​ഗ്ലാദേശിലെ ജനാധിപത്യന്റെ പ്രതീകമായി ലോകം വാഴ്ത്തി. 1996ൽ ഖാലിദ സിയയെ തോൽപ്പിച്ച് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി. എന്നാൽ, 2001ൽ ഖാലിദയുടെ പാർട്ടിയോട് തോറ്റു. 2007-ൽ പട്ടാള പിന്തുണയോടെ സിയയുടെ സർക്കാറിനെ താഴെയിറക്കി. തുടർന്ന് ഖാലിദ സിയയും ഷെയ്ഖ് ഹസീനയും അഴിമതിക്കേസിൽ ജയിലിലായി. 2008ൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അവർ അന്നുമുതൽ അധികാരത്തിലായിരുന്നു. തുടർച്ചയായ നാല് തെരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത്. തുടര്‍ച്ചയായും അധികാരത്തിലിരുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വനിതാ ഭരണാധികാരിയാണ് അവര്‍.

Read More... ഷെയ്ക് ഹസീന ഇന്ത്യയിലേക്കോ? ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് സുരക്ഷ കൂട്ടി, സ്ഥലത്ത് വൻ പൊലീസ് സന്നാഹം

എന്നാൽ, ഇക്കാലയളവിൽ പ്രതിപക്ഷത്തെ അടിച്ചമർത്തുന്നതും രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തുന്നതുമടക്കമുള്ള ആരോപണമുയർന്നു. ഹസീനയുടെ ഭരണം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ ആരോപണമുയർത്തി. ഈ വർഷം നടന്ന അവസാന തെരഞ്ഞെടുപ്പിൽ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. പ്രതിപക്ഷമായ ബിഎൻപി തെരഞ്ഞെടുപ്പ് പൂർണമായി ബഹിഷ്കരിച്ചു. വെറും 40 ശതമാനം മാത്രമായിരുന്നു പോളിങ്. 224 സീറ്റിൽ അവാമി ലീ​ഗ് ജയിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച പലരും അവാമി ലീ​ഗിന്റെ ഡമ്മികളായിരുന്നുവെന്നും ആരോപണമുയർന്നു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios