കൊളംബോ: പ്രായാധിക്യവും അനാരോഗ്യവും മൂലം അവശയായ തിക്കിരി എന്ന  പിടിയാനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളുടെ ഉള്ളുലച്ചിരുന്നു. 'എല്ലും തോലു'മായിട്ടും മണിക്കൂറുകളോളം നീണ്ടുനിന്ന എഴുന്നള്ളിപ്പില്‍ അതിശക്തമായ ലൈറ്റുകളുടെയും കരിമരുന്നിന്‍റെയും ബഹളങ്ങള്‍ക്ക് നടുവില്‍ എല്ലാം സഹിച്ച് നിന്ന തിക്കിരി ഒടുവില്‍ ലോകത്തോട് വിട പറഞ്ഞു. 

 70 വയസ്സായ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി സേവ് എലിഫന്‍റ് ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. എതിര്‍പ്പുകള്‍ ശക്തമായതോടെ ബുധനാഴ്ച നടന്ന അവസാനഘോഷയാത്രയില്‍ നിന്ന് തിക്കിരിയെ ഒഴിവാക്കുകയായിരുന്നു. 

ശ്രീലങ്കയിലെ കാന്‍ഡിയില്‍ ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തിനിടയിലാണ് പ്രത്യേക വേഷവിതാനങ്ങളില്‍ മൃതപ്രായയായ ആനയെ പ്രദക്ഷിണത്തിനെത്തിച്ചത്. ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള  രാത്രികളില്‍ നടക്കുന്ന പ്രദക്ഷിണത്തില്‍ തുടര്‍ച്ചയായി തിക്കിരിയെ പങ്കെടുപ്പിച്ചത്. വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെയുമുള്ള ഈ നടത്തം തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സേവ് എലിഫന്‍റ് ഫൗണ്ടേഷന്‍ സ്ഥാപക ലേക് ചായ്ലേര്‍ട്ട്  ആരോപിച്ചിരുന്നു.

തിക്കിരിയെ അണിയിക്കുന്ന വേഷങ്ങള്‍ ആനയുടെ ദയനീയ അവസ്ഥ വെളിയില്‍ കാണിക്കില്ലെന്നും വിറയ്ക്കുന്ന ചുവടുകളാണ് ആന വയ്ക്കുന്നതെന്നും ചായ്ലേര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ ചായ്ലേര്‍ട്ടിന്‍റെ ആരോപണങ്ങള്‍ തള്ളിയ ബുദ്ധക്ഷേത്രം തിക്കിരിയ്ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടത്.

ആനയോട് ചെയ്ത ക്രൂരതയ്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മൃഗസ്നേഹികളെ കണ്ണീരിലാഴ്ത്തി തിക്കിരി ചെരിഞ്ഞത്.