കൊളംബോ: ശ്രീലങ്കയിലേക്ക് കയറ്റി അയച്ച ടണ്‍ കണക്കിന് ആശുപത്രി മാലിന്യം ബ്രിട്ടനിലേക്ക് തിരികെ അയച്ചു. 21 കണ്ടെയ്നറുകളിലായി 260 ടണ്‍ മാലിന്യമാണ് ശ്രീലങ്കയിലെത്തിയത്. മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിച്ച് അപകടകരമായ വസ്തുക്കള്‍ കയറ്റി അയച്ചതിനേ തുടര്‍ന്നാണ് നടപടി. 2017 മുതലാണ് ഇത്തരത്തില്‍ കണ്ടെയ്നറുകള്‍ വ്യാപകമായി എത്താന്‍ തുടങ്ങിയതെന്നാണ് ശ്രീലങ്കന്‍ കസ്റ്റംസ് ശനിയാഴ്ച വ്യക്തമാക്കിയത്.

ഉപയോഗിച്ച കിടക്കകളും, കാര്‍പ്പെറ്റുകളും പരവതാനിയുമായിരുന്നു ഈ കണ്ടെയ്നറുകളില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ ഇവയ്ക്കൊപ്പം അപകടകരമായ ആശുപത്രി മാലിന്യങ്ങളും കണ്ടെയ്നറില്‍ ഒളിപ്പിച്ചിരുന്നതായാണ് ശ്രീലങ്കന്‍ കസ്റ്റംസ് വിശദമാക്കുന്നത്. കണ്ടെയ്നര്‍ എത്തിച്ച കപ്പല്‍ കമ്പനി ഇവ തിരികെ കൊണ്ടുപോവാന്‍ സമ്മതിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് വിശദമാക്കുന്നു.

ആശുപത്രി മാലിന്യം രാജ്യത്തേക്ക് അയച്ച സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കസ്റ്റംസ് വക്താവ് വിശദമാക്കുന്നത്. എന്നാല്‍ എന്ത് തരം മാലിന്യമാണ് ഈ കണ്ടെയ്നറുകളില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ വിശദമാക്കിയില്ല. നേരത്തെ ഇത്തരത്തിലെത്തിയ കണ്ടെയ്നറുകളില്‍ നിന്ന് ഉപയോഗിച്ച ബാന്‍ഡ് എയ്ഡുകളും മോര്‍ച്ചറിയില്‍ നിന്നുള്ള മൃതദേഹത്തിന്‍റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ നിരവധി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപകമായ രീതിയില്‍ മാലിന്യം അയയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് വിശദമാക്കുന്നു.