ഇസ്ലാമാബാദ്: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മാധ്യമങ്ങളിലൂടെ തന്നെ ലക്ഷ്യമാക്കി വിദ്വേഷപ്രചാരണങ്ങള്‍ നടത്തുകയാണെന്നും അതുകൊണ്ട് പത്രം വായിക്കുന്നതും ടെലിവിഷനിലെ ചര്‍ച്ചകള്‍ കാണുന്നതും നിര്‍ത്തിയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാജ്യത്ത് നടപ്പിലാക്കിയ പപരിഷ്കാരങ്ങളുടെ ഫലം ഉടന്‍ ഉണ്ടാകണമെന്ന് ശാഠ്യം പിടിക്കരുതെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

'സ്വര്‍ഗത്തില്‍ പോകണം, എന്നാല്‍ മരിക്കാന്‍ കഴിയില്ല. ശരീരത്തിലെ ഒരു ട്യൂമര്‍ നീക്കം ചെയ്യണം, എന്നാല്‍ ശസ്ത്രക്രിയയുടെ വേദന സഹിക്കാന്‍ കഴിയില്ല എന്ന് പറയുന്നതു പോലെയാണിത്'- ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആഗോള വ്യവസായികള്‍ക്ക് മുമ്പില്‍ പാകിസ്ഥാന്‍റെ ഭാവി പരിപാടികളും ലക്ഷ്യങ്ങളും വിശദീകരിക്കുമ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. 
രാജ്യത്തിന്‍റെ സ്ഥാപകനേതാക്കളുടെ ആഗഹം പോലെ മനുഷ്യത്വവും നന്മയുമുള്ള സമൂഹമായി പാകിസ്ഥാനെ രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് ലോക ഇക്കണോമിക് ഫോറത്തിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.  

40വര്‍ഷങ്ങളായി വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷം മാധ്യമങ്ങളിലൂടെ താന്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് പത്രം വായിക്കുന്നതും ടിവിയില്‍ വൈകുന്നേരത്തെ ചര്‍ച്ചകള്‍ കാണുന്നതും നിര്‍ത്തി. പക്ഷേ തന്‍റെ ഉദ്യോഗസ്ഥര്‍ ഇവയൊക്കെ കണ്ടിട്ട് തന്നോട് പറയുന്നതാണ് പ്രശ്നമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ രാഷ്ട്രീയ കരുത്തും ആത്മവിശ്വാസവും നേടി മുമ്പോട്ടു പോകും. വേദനിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും അതിലുപരിയായി പാകിസ്ഥാന് മികച്ച സമയം വരാനിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

Read More: അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ നാസി ജര്‍മനിയുമായി താരതമ്യം ചെയ്ത് ഇമ്രാന്‍ ഖാന്‍

അതേസമയം പാകിസ്ഥാനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും വിവാഹ മോചനങ്ങള്‍ക്കും കാരണം ബോളിവുഡ് സിനിമകളാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പാകിസ്ഥാനി കണ്ടന്‍റ് ഡെവലപേഴ്സിനോടും യൂട്യൂബേഴ്സിനോടും സംവദിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഹിന്ദി സിനിമ മേഖലയായ ബോളിവുഡിനെ വിമര്‍ശിച്ചത്. ഹോളിവുഡിനെയും ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു. 

മൊബൈല്‍ ഫോണ്‍ വ്യാപിച്ചതോടെ കുട്ടികള്‍ക്ക് ഇന്നേവരെ ലഭിക്കാത്ത വിവരങ്ങളെല്ലാം ലഭിച്ചു. മനുഷ്യ ചരിത്രത്തില്‍ മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ല. ഈ സാഹചര്യം വെല്ലുവിളി നിറഞ്ഞതും ഭീഷണിയുമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രിയാകുന്നത് വരെ താന്‍ ഇത് സംബന്ധിച്ച് ബോധവാനായിരുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.