ആഗോള എണ്ണ പ്രതിസന്ധികൾക്കിടെ, വടക്കൻ അഫ്ഗാനിസ്ഥാനിലെ അമു ദര്യ എണ്ണപ്പാടത്തെ അഞ്ച് കിണറുകളിൽ നിന്ന് താലിബാൻ ക്രൂഡ് ഓയിൽ വേർതിരിച്ച് തുടങ്ങി. പ്രതിദിനം 500 ക്യുബിക് മീറ്റർ എണ്ണ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി, ചൈനീസ് കമ്പനികളുടെ താൽപ്പര്യങ്ങൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

റാനെതിരെയുള്ള യുഎസ് - ഇസ്രയേൽ യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലായ ഹോർമൂസ് കടലിടുക്ക്, ലോകത്ത് വലിയ തോതിലുള്ള എണ്ണ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതേ തുടർന്ന് പല രാജ്യങ്ങളിലും പെട്രോൾ അടക്കമുള്ള ഇന്ധന ക്ഷാമം രൂക്ഷമായി. ഇതിനിടെയാണ് വടക്കൻ അഫ്ഗാനിസ്ഥാനിലെ അമു ദര്യ എണ്ണ പാടത്തെ അഞ്ച് കിണറുകളിൽ നിന്നും ക്രൂഡ് ഓയിൽ വേർതിരിച്ച് തുടങ്ങിയെന്ന് രാജ്യത്തെ ഖനി, പെട്രോളിയം മന്ത്രാലയമാണ് അറിയിച്ചത്.

അമു ദര്യ എണ്ണത്തടം

ജോവ്‌ജാൻ പ്രവിശ്യയിലെ അമു ദര്യ എണ്ണത്തടത്തിലെ സമറുദ് സായ് പ്രദേശത്താണ് ഇപ്പോൾ ഖനനം നടക്കുന്നതെന്ന് താലിബാൻ നിയന്ത്രണത്തിലുള്ള ഖനി, പെട്രോളിയം മന്ത്രാലയത്തിന്‍റെ വക്താവ് ഹുമയൂൺ അഫ്ഗാൻ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതിർന്ന താലിബാൻ ഉദ്യോഗസ്ഥർ പ്രവിശ്യ സന്ദർശിക്കുകയും എണ്ണ ഉത്പാദനം ഉദ്ഘാടനം ചെയ്തെന്നും ഹുമയൂൺ എക്‌സിൽ കുറിച്ചു. സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഘാനി ബരാദർ, ഖനി, പെട്രോളിയം മന്ത്രി മുല്ല ഹിദായത്തുള്ള ബദ്രി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതിദിനം 500 ക്യുബിക് മീറ്റർ

അഞ്ച് കിണറുകളിൽ നിന്ന് പ്രതിദിനം ഏകദേശം 500 ക്യുബിക് മീറ്റർ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അഫ്ഗാന്‍ പ്രതീക്ഷിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഹൈഡ്രോകാർബൺ സമ്പുഷ്ടമായ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാജ്യത്തെ പ്രധാന ഊർജ്ജ സ്രോതസ്സുകളിലൊന്നായി കണക്കാക്കപ്പെടുന്ന അമു ദര്യ തടം അടുത്തിടെയാണ് താലിബാൻ വിപുലീകരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംറാദ് സായ് പ്രദേശത്ത് 400 കിലോമീറ്ററിൽ നടത്തിയ പുതിയ ഭൂകമ്പ സർവേകളാണ് എണ്ണതടത്തിന്‍റെ കണ്ടെത്തലിലേക്ക് എത്തിച്ചത്. ഇവിടെ വൻ തോതിലുള്ള എണ്ണ പ്രകൃതി വാതക നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Scroll to load tweet…

12 എണ്ണക്കിണറുകൾ

മൂന്ന് വർഷമായി അഫ്ഗാൻ എഞ്ചിനീയർമാർ നടത്തിയ ഭൂമിശാസ്ത്ര സർവേകൾ, ഗവേഷണങ്ങൾ, ഡ്രില്ലിംഗ് എന്നിവയ്ക്ക് ശേഷം പ്രദേശത്ത് കണ്ടെത്തിയ പന്ത്രണ്ട് കിണറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഇപ്പോൾ പൈലറ്റ് ഉത്പാദനം ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. താലിബാൻ പ്രകൃതിവിഭവങ്ങളുടെ വ്യവസ്ഥാപിത ഉത്പാദനത്തിനായി സമഗ്രമായ പദ്ധതികൾ ആവിഷ്ക്കരിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. രാജ്യത്തുടനീളമുള്ള എണ്ണ, പ്രകൃതിവാതക, ധാതു നിക്ഷേപങ്ങളുടെ ഖനനത്തിനായി വിദേശ ആഭ്യന്തര കമ്പനികളുമായി നിരവധി കരാറുകളിൽ താലിബാൻ സർ‍ക്കാർ ഒപ്പു വച്ച് കഴിഞ്ഞു.

Scroll to load tweet…

ചൈനീസ് താത്പര്യം

ചൈനയിലെ സിൻജിയാങ് സെൻട്രൽ ഏഷ്യ പെട്രോളിയം ആൻഡ് ഗ്യാസ് കമ്പനി അഫ്ഗാനിസ്ഥാനിൽ ഇതിനകം എണ്ണ ഖനി മേഖലകളിൽ ചില കാരാറുകൾ ഒപ്പിട്ടു കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ലേകത്തിന് ആവശ്യമായ എണ്ണയുടെ വളരെ ചെറിയൊരു നിക്ഷേപം മാത്രമാണ് അഫ്ഗാനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിന്‍റെ അപര്യാപ്തതയും താലിബാന് ലോക രാജ്യങ്ങളുടെ പിന്തുണയില്ലാത്തതും അഫ്ഗാന്‍ എണ്ണയുടെ ആഗോള വിപണിയിലേക്കുള്ള പ്രവേശനത്തെ തടയുന്നു.