കോണ്‍സുലേറ്റുകൾക്കുള്ളിലെ രേഖകൾ പരിശോധിച്ച താലിബാൻ, രണ്ട് കോണ്‍സുലേറ്റുകളിലെ വാഹനങ്ങള്‍ കൊണ്ടുപോയി. അതേസമയം, കാബൂളിലെ ഇന്ത്യൻ എംബസിക്ക് അകത്ത് താലിബാൻ കയറിയിട്ടില്ല.
കാബൂൾ: അഫ്ഗാനിസ്ഥാനിലെ അടഞ്ഞു കിടക്കുന്ന ഇന്ത്യൻ കോണ്‍സുലേറ്റുകളിൽ പരിശോധന നടത്തി താലിബാൻ. കോൺസുലേറ്റിന്‍റെ വാഹനങ്ങൾ താലിബാൻ കൊണ്ടുപോയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നാനൂറിലധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുണ്ടെന്നും വ്യോമസേന വിമാനത്തിൽ ഉടൻ അനുവാദം നൽകണമെന്നും ഇന്ത്യ വീണ്ടും അമേരിക്കയോട് ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ നാല് കോണ്‍സുലേറ്റുകൾ നേരത്തെ ഇന്ത്യ അടച്ചുപൂട്ടിയിരുന്നു. ജലാലാബാദ്, കാന്തഹാര്‍, ഹെറാത്, മഷാറെ ഇ ഷെറീഫ് കോണ്‍സുലേറ്റുകൾ പൂട്ടിയാണ് ജീവനക്കാരെ ഒഴുപ്പിച്ചത്. ഈ കോണ്‍സുലേറ്റുകളിൽ സായുധരായ താലിബാൻകാരെത്തി പരിശോധന നടത്തി എന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന വിവരം. കോണ്‍സുലേറ്റുകൾക്കുള്ളിലെ രേഖകൾ പരിശോധിച്ച താലിബാൻ, രണ്ട് കോണ്‍സുലേറ്റുകളിലെ വാഹനങ്ങള്‍ കൊണ്ടുപോയി. അതേസമയം, കാബൂളിലെ ഇന്ത്യൻ എംബസിക്ക് അകത്ത് താലിബാൻ കയറിയിട്ടില്ല. രണ്ട് പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥര്‍ ഇപ്പോഴും എംബസിയിലുണ്ട്. കാബൂളിലെ എംബസി ഇന്ത്യ അടക്കരുതെന്ന് താലിബാൻ ആവശ്യപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നാനൂറിലധികം ഇന്ത്യാക്കാരാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഒഴുപ്പിക്കൽ കാത്തിരിക്കുന്നത്. ഇതിൽ നൂറിൽ താഴെ പേര്‍ക്ക് മാത്രമാണ് ഇതുവരെ വിമാനത്താവളത്തിനടുത്ത് എത്താനായത്. പലരും അടുത്തുള്ള ഹോട്ടലുകളിളും ചില കെട്ടിടങ്ങളിലുമായി കാബൂളിലെത്തിയവര്‍ കഴിയുകയാണ്. കാബൂൾ സര്‍വ്വകലാശാലയിലെ മുപ്പതിലധികം വിദ്യാര്‍ത്ഥികളും മടങ്ങാൻ കാത്തിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിൽ രണ്ടുതവണ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കൻ വിദേശകാര്യ സെക്രട്ടരി ആന്‍റണി ബ്ളിങ്കനുമായി ചര്‍ച്ച നടത്തി. ഇന്ത്യയുടെ ഒരു വ്യോമസേന വിമാനം ഇപ്പോഴും അനുമതി കാത്തുനിൽക്കുകയാണ്. വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഉണ്ടെങ്കിലും അതിന് പുറത്ത് ഇന്ത്യക്കാരുടെ സുരക്ഷിത യാത്രക്കായി ഇപ്പോൾ സഹായിക്കാനാവില്ലെന്നാണ് അമേരിക്ക നൽകുന്ന സൂചന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
