കഴിഞ്ഞ ദിവസം ഹെരാത്ത് നഗരത്തില്‍ ഒരാളെ കൊലപ്പെടുത്തി പൊതുജനമധ്യത്തില്‍ ക്രെയിനില്‍ കെട്ടിത്തൂക്കിയിരുന്നു. നാല് പേരെയാണ് അന്ന് വധശിക്ഷക്ക് വിധേയമാക്കിയത്. 

കാബൂള്‍: പിതാവ് അഫ്ഗാന്‍ പ്രതിരോധ സേനയില്‍ (Afghan resistance forces) ചേര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് മകനെ താലിബാന്‍ (Taliban) വധിച്ചുവെന്ന് റിപ്പോര്‍ട്ട്. തഖര്‍(Takhar) പ്രവിശ്യയിലാണ് സംഭവം. സ്വതന്ത്ര മാധ്യമമായ പഞ്ച്ശീര്‍ ഒബ്‌സര്‍വറാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പിതാവ് അഫ്ഗാന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുഞ്ഞിനെ താലിബാന്‍ വധശിക്ഷക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

താലിബാനെ എതിര്‍ക്കുന്നവര്‍ക്കെതിരെയുള്ള ക്രൂരമായ ആക്രമണങ്ങളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഹെരാത്ത് നഗരത്തില്‍ ഒരാളെ കൊലപ്പെടുത്തി പൊതുജനമധ്യത്തില്‍ ക്രെയിനില്‍ കെട്ടിത്തൂക്കിയിരുന്നു. നാല് പേരെയാണ് അന്ന് വധശിക്ഷക്ക് വിധേയമാക്കിയത്. പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയെങ്കിലും എതിര്‍ക്കുന്നവര്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തലാണ് നടക്കുന്നതെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. താലിബാനെ പ്രതിരോധിച്ചുനിന്ന പഞ്ചശീറില്‍ സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങി പരിശോധിച്ച് എന്തെങ്കിലും സംശയമുള്ളതായി തോന്നിയാല്‍ വെടിവെച്ചു കൊല്ലുകയാണ് ചെയ്യുന്നതെന്നും എബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. സതേണ്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ബാര്‍ബര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. താടി വടിക്കുന്നത് ശരിയാ നിയമപ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞാണ് ബാര്‍ബര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. 1996 കാലത്തേതുപോലെ അപരിഷ്‌കൃത നിയമങ്ങള്‍ നടപ്പാക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നു. മോഷണക്കുറ്റത്തിന് കൈവെട്ടുന്ന ശിക്ഷ ഒഴിവാക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.