ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം തുടരവെ, പഷ്തൂണുകളെ പ്രശ്നത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി താലിബാൻ. 

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം തുടരവെ, പഷ്തൂണുകളെ പ്രശ്നത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി താലിബാൻ. താലിബാൻ നേതാവും പാകിസ്ഥാനിലെ മുൻ അഫ്ഗാൻ അംബാസഡറുമായ മുല്ല അബ്ദുൾ സലാം സയീഫാണ് മുന്നറിയിപ്പ് നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പാകിസ്ഥാനെ വിമർശിച്ചു. ജിഹാദിന്റെ പേരിൽ പാകിസ്ഥാൻ പഷ്തൂൺ സമുദായങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചേക്കാമെന്ന് സയീഫ് മുന്നറിയിപ്പ് നൽകി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിലേക്ക് പഷ്തൂണുകളെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ രാഷ്ട്രീയ കളികളിൽ നിന്ന് പഷ്തൂണുകളെ അകറ്റി നിർത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷം ഗുരുതരമായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പരാമർശങ്ങൾ. ചൊവ്വാഴ്ച രാത്രി പാകിസ്ഥാൻ പ്രദേശങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 100 ഭീകരരെ കൊല്ലുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.