ആയുധധാരികളായ താലിബാന്‍ അംഗങ്ങള്‍ അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. അഫ്ഗാന്‍ സൈനികരെയും വകവരുത്തുകയാണ് താലിബാന്റെ ഉദ്ദേശം. 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തെയും നാറ്റോ സൈന്യത്തേയും സഹായിച്ചവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാന്‍ അംഗങ്ങള്‍ അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

അഫ്ഗാന്‍ സൈനികരെയും വകവരുത്തുകയാണ് താലിബാന്റെ ഉദ്ദേശം. അധികാരം പിടിച്ചെടുത്തപ്പോള്‍ യുദ്ധം അവസാനിച്ചെന്നും പ്രതികാരനടപടികള്‍ ഉണ്ടാവില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. ഐക്യരാഷ്ട്ര സഭയുടെ രഹസ്യാന്വേഷണ വിഭാഗത്തിനാണ് സുപ്രധാനനീക്കം സംബന്ധിച്ച രേഖകള്‍ ലഭിച്ചത്. യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയതോടെയാണ് താലിബാന്‍ രാജ്യം നിയന്ത്രണത്തിലാക്കിയത്.

തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയും പ്രതികാര നടപടി ഉണ്ടാവില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം താലിബാനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona