ബുസ്റ്റോസ് 'അതി അപകടകാരിയായ തടവുകാരൻ' ആണെന്ന്  മറ്റ് അംഗങ്ങൾ വിലയിരുത്തിയിട്ടും ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ വോട്ട് ചെയ്ത, പാനലിലെ ഏക ജഡ്ജിയായിരുന്നു സുവാരസ്.

ബ്യൂണസ് ഐറിസ്: ജയിലിലെത്തിയ ജഡ്ജി പൊലീസ് ഓഫീസറെ കൊന്ന കേസിൽ ശിക്ഷകാത്തുകഴിയുന്ന കുറ്റവാളിയെ ചുംബിച്ചത് സിസിടിവി ക്യാമറയിൽ കുടുങ്ങി. അർജന്റീനിയൻ ജഡ്ജിയാണ് കൊലയാളിയെ കാണാൻ ജയിലിലെത്തി അയാളെ ചുംബിച്ചത്. തെക്കൻ ചുബുട്ട് പ്രവിശ്യയിലെ ജഡ്ജിയായ മറിയേൽ സുവാരസ് ഡിസംബർ 29 നാണ് ഉച്ചകഴിഞ്ഞ് ട്രെലെവ് നഗരത്തിനടുത്തുള്ള ജയിലിലെത്തി ക്രിസ്റ്റ്യൻ 'മായി' ബുസ്റ്റോസിനെ ചുംബിച്ചത്. 2009-ൽ ഓഫീസർ ലിയാൻഡ്രോ 'ടിറ്റോ' റോബർട്ട്‌സിനെ കൊലപ്പെടുത്തിയതിന് ബുസ്റ്റോസിന് ജീവപര്യന്തം തടവ് നൽകണമോ എന്ന് തീരുമാനിക്കുന്ന ജഡ്ജിമാരുടെ പാനലിൽ അംഗമാണ് സുവാരസ്. 

ചുംബന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സുവാരസിനെതിരെ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. ബുസ്റ്റോസ് 'അതി അപകടകാരിയായ തടവുകാരൻ' ആണെന്ന് മറ്റ് അംഗങ്ങൾ വിലയിരുത്തിയിട്ടും ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ വോട്ട് ചെയ്ത, പാനലിലെ ഏക ജഡ്ജിയായിരുന്നു സുവാരസ്. എന്നാൽ സുവാരസിന്റെ എതിർപ്പിനെ മറികടന്ന് ഭൂരിപക്ഷാഭിപ്രായത്തിൽ ബൂസ്റ്റോസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 

2009-ൽ ലിയാൻഡ്രോ റോബർട്ട്‌സ് എന്ന പോലീസ് ഓഫീസറെ കൊലപ്പെടുത്തിയതിന് ബുസ്റ്റോസ് ജയിലിലായി. നേരത്തേയുണ്ടായിരുന്ന കേസിൽ ജയിൽ ചാടിയതിന് പിന്നാലെ ബുസ്റ്റോസിനെ അറസ്റ്റ് ചെയ്യാൻ പോകുമ്പോഴാണ് പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയത്. കുറ്റവാളിയുടെ ഒരു സഹോദരനും വെടിവെപ്പിൽ മരിച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

വിചാരണക്കിടെ ബൂസ്റ്റോസ് കുറ്റം സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതേസമയം ജഡ്ജിയുടെ നടപടിയിൽ അന്വേഷണം നടക്കുകയാണെന്ന് ഉന്നത കോടതി അറിയിച്ചു. 'പബ്ലിക് എത്തിക്‌സിന്റെ നിയമത്തിന്റെയും ആന്തരിക ജുഡീഷ്യൽ അതോറിറ്റി നിയന്ത്രണങ്ങളുടെയും ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന്, കൂടിക്കാഴ്ച എത്രനേരം നീണ്ടുവെന്ന് പരിശോധിക്കും.' - കോടതി പറഞ്ഞു.