പൊമോണ: വനത്തിനുള്ളിൽ ഏറുമാടം ഉണ്ടാക്കി താമസിക്കുന്ന ആളെ തേടിയെത്തിയ പൊലീസിന്റെ വലയിലായത് മോഷണക്കേസിലെ പ്രതി. അമേരിക്കയിലെ പൊമോണയിലാണ് സംഭവം. അമ്പത്തിയാറുകാരനായ മാര്‍ക്ക് ഡ്യൂഡോയെയാണ് പൊലീസ് പിടികൂടിയത്.  

തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഏറുമാടത്തിലായിരുന്നു ഇയാളുടെ താമസം. അനധികൃതമായി വനപ്രദേശത്ത് ഏറുമാടമുണ്ടാക്കി ഒരാൾ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള ട്രാക്കിങ് സംവിധാനങ്ങളുടെ സഹായത്തോടെ ഏറുമാടം എവിടെയാണെന്ന് പൊലീസ് കണ്ടെത്തി.

തുടർന്ന് പ്രദേശത്തെത്തിയ പൊലീസ് മാർക്കിനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ഇയാൾ പിന്നീട് താഴേയ്ക്ക് വരികയായിരുന്നു. പൊമോണ പൊലീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. ഏറുമാടത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീടാണ് മാർക്ക് മോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.