പാരിസ്: ഫ്രാന്‍സില്‍ വീണ്ടും ആക്രമണം. നീസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.  കത്തി ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയുടെ തലയറുത്തു. ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ പ്രതികരിച്ചു. നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്. 

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും  നീസ് മേയര്‍ ക്രിസ്റ്റിയന്‍ എന്‍ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

അക്രമികള്‍ അധ്യാപകനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറും മുമ്പാണ് ഫ്രാന്‍സില്‍ മറ്റൊരു ആക്രമണം കൂടി നടന്നിരിക്കുന്നത്. വിവാദ കാര്‍ട്ടൂണുമായി ബന്ധപ്പെട്ടാണോ ആക്രമണം നടന്നതെന്ന് വ്യക്തമല്ല.