Asianet News MalayalamAsianet News Malayalam

കാലം പറയുമെന്ന് ട്രംപ്; തെരഞ്ഞെടുപ്പ് വിധി അംഗീകരിച്ച് തുടങ്ങിയതിന്റെ സൂചനയെന്ന് റിപ്പോര്‍ട്ട്

ഒരു തെളിവും ഇല്ലാതെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിക്കുന്ന ട്രംപിന്റെ ഉള്ളില്‍ ഭരണത്തില്‍ സംശയം ഉണ്ടായിരിക്കുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

Time Will Tell Trump Comes Closest Yet To Admitting Defeat
Author
Washington D.C., First Published Nov 14, 2020, 10:18 AM IST

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ വിജയിക്കുമെന്നായതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് ആരോപിക്കുകയും വിധി അംഗീകരിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുതുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍.

ഒരാഴ്ചയായി ക്യാമറകള്‍ക്ക് മുന്നില്‍ സംസാരിക്കാതിരുന്ന ട്രംപ് റോസ്് ഗാര്‍ഡനില്‍ നടന്ന കൊവിഡ് വാക്‌സിനെക്കുറിച്ചുള്ള സംഭാഷണത്തിനിടെയാണ് തന്റെ പരാജയം അംഗീകരിക്കുന്നതിന്റെ സൂചന നല്‍കിയത്. വൈറസ് ബാധ തടയാന്‍ ഒരിക്കല്‍ക്കൂടി ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞ ട്രംപ്, കാലം എല്ലാം പറയുമെന്നും വ്യക്തമാക്കി.

''ഭാവിയില്‍ എന്ത് തന്നെ സംഭവിച്ചാലും, ഏത് ഭരണകൂടമാകും അപ്പോഴുണ്ടാകുക എന്ന് ആര്‍ക്കറിയാം, കാലം പറയുമെന്ന് ഞാന്‍ കരുതുന്നു'' - ട്രംപ് പറഞ്ഞു. ഒരു തെളിവും ഇല്ലാതെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിക്കുന്ന ട്രംപിന്റെ ഉള്ളില്‍ ഭരണത്തില്‍ സംശയം ഉണ്ടായിരിക്കുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ഡോണള്‍ഡ് ട്രംപിന്റെ ആരോപണത്തിന് തെളിവില്ലെന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് അധികൃതര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കി. യുഎസ് ഫെഡറല്‍ ആന്‍ഡ് സ്റ്റേറ്റ് ഇലക്ഷന്‍ അധികൃതര്‍ ട്രംപിന്റെ വാദം തള്ളി പ്രസ്താവന പുറപ്പെടുവിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പമാണ് കഴിഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2.7 ദശലക്ഷം വോട്ടുകള്‍ എക്വിപ്മെന്റ് മേക്കര്‍ ഡിലീറ്റ് ചെയ്തെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് അധികൃതര്‍ പ്രസ്താവന ഇറക്കിയത്. 

ട്രംപിന്റെ ആരോപണത്തിന് യാതൊരു തെളിവുമില്ലെന്നും വോട്ട് മാറ്റാനോനശിപ്പിക്കാനോ ആര്‍ക്കും കഴിയില്ലെന്നും ഇലക്ഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് കോഓഡിനേറ്റിംഗ് കൗണ്‍സില്‍ അറിയിച്ചു.ജോ ബൈഡന്റെ വിജയം ഇപ്പോഴും പല റിപ്പബ്ലിക്കന്‍ നേതാക്കളും അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നാണ് അവരുടെ ആരോപണം.

ബൈഡന്റെ വിജയം അംഗീകരിക്കാത്തവര്‍ ജനാധിപത്യത്തില്‍ വിഷം കലര്‍ത്തുകയാണെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിച്ചത്. 

Follow Us:
Download App:
  • android
  • ios