Asianet News MalayalamAsianet News Malayalam

ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക; ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന് അവകാശവാദം

ഹോർമുസ് കടലിടുക്കിൽ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. കപ്പൽ ചാലുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ്.

Trump confirms US shooting of Iranian drone
Author
Washington, First Published Jul 19, 2019, 9:18 AM IST

വാഷിംഗ്ടണ്‍: ഇറാൻ-അമേരിക്ക ബന്ധം വീണ്ടും വഷളാകുന്നു. ഹോർമുസ് കടലിടുക്കിൽ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. എണ്ണ കള്ളക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ കപ്പൽ ഉടൻ വിട്ടയക്കണമെന്ന് ഇറാന് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. 

ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്തുന്നുവെന്നാരോപിച്ച് പനാമൻ കപ്പലായ റിയാ പിടിച്ചെടുത്തതായി ഇന്നലെയാണ് ഇറാൻ അവകാശപ്പെട്ടത്. ഹോർമുസ് കടലിടുക്ക് വഴി വിദേശത്തേക്ക് എണ്ണ കടത്തുകയായിരുന്നുവെന്നാരോപിച്ചായിരുന്നു ഇറാന്റെ നടപടി. ഇതിനെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തി. ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കപ്പൽ ഉടൻ വിട്ടയക്കണമെന്നും അമേരിക്ക അന്ത്യശാസനം നൽകി. കപ്പലുകൾക്ക് സ്വൈര്യമായി കടന്നുപോകുന്ന അന്തരീക്ഷം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. 

ഗൾഫ് മേഖലയിലെ സമാധാനം ഉറപ്പാക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയതിനെ തൊട്ടുപിന്നാലെയാണ് ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി ട്രംപ് അവകാശപ്പെട്ടത്. ഹോർമുസിൽ യുഎസ് മുങ്ങികപ്പലിന് സമീപം അപകടകരമാം വിധത്തിൽ പറന്ന ഡ്രോണിനെ പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ആണവകരാ‍റിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തെ തുടർന്ന് ബന്ധം വഷളായതിന് പിന്നാലെ അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടിരുന്നു. ഇതിന്റെ പേരിൽ ഇറാനെ ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നുവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് ബന്ധം വഷളായതിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ.

Follow Us:
Download App:
  • android
  • ios