Asianet News MalayalamAsianet News Malayalam

അവള്‍ കണക്ക്കൂട്ടലില്‍ മിടുക്കിയാണ്, ലോകബാങ്ക് പ്രസിഡന്‍റാക്കാം; ഇവാന്‍കയെക്കുറിച്ച് ട്രംപ്

 ഇവാന്‍ക അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകുമെന്ന അഭ്യൂഹങ്ങളെയും ട്രംപ് നിഷേധിച്ചില്ല. 

Trump considered daughter Ivanka for World Bank president post
Author
Washington, First Published Apr 13, 2019, 10:44 AM IST

വാഷിംഗ്ടണ്‍: ഇവാന്‍ക ട്രംപിനെ ലോകബാങ്ക് പ്രസിഡന്‍റാക്കാന്‍ താല്പര്യമുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.  യുഎന്‍ അംബാസിഡര്‍ എന്ന നിലയിലും ഇവാന്‍ക ശോഭിച്ചേക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 

'ദി അറ്റ്ലാന്‍റിക്' എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് മകളെക്കുറിച്ചുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളും ട്രംപ് പങ്കുവച്ചത്. "അവള്‍ കണക്കുകൂട്ടാനൊക്കെ വളരെ മിടുക്കിയാണ്. ലോകബാങ്ക് തലപ്പത്ത് അവള്‍ ശോഭിക്കും. മികച്ച നയതന്ത്രജ്ഞയായതുകൊണ്ട് യുഎന്‍ അംബാസിഡറായും അവള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിയും." ട്രംപ് പറഞ്ഞു. 

മകളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എന്തുകൊണ്ട് ലോകബാങ്ക് പ്രസിഡന്‍റ്  സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തുകൂടാ എന്ന ചോദ്യത്തിന് അങ്ങനെയായാല്‍ അത് സ്വജനപക്ഷപാതമായി ജനങ്ങള്‍ വ്യാഖ്യാനിക്കുമെന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഇവാന്‍ക അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകുമെന്ന അഭ്യൂഹങ്ങളെയും ട്രംപ് നിഷേധിച്ചില്ല. മകള്‍ അങ്ങനെ വിചാരിച്ചാല്‍ അതില്‍ നിന്ന് ആര്‍ക്കും അവളെ പിന്തിരിപ്പിക്കാനാവില്ലെന്നും പരാജയപ്പെടുത്താനാവില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഇവാന്‍കയെ ലോകബാങ്ക് പ്രസിഡന്‍റാക്കാന്‍ ട്രംപ് നീക്കങ്ങള്‍ നടത്തിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് 'ദി അറ്റ്ലാന്‍റിക്' റിപ്പോര്‍ട്ട് ചെയ്തു. ലോകബാങ്ക് പ്രസിഡന്‍റാകാന്‍ ബാങ്കിന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നാണ് ചട്ടം. ഭരണ-സാമ്പത്തിക-അക്കാദമിക് രംഗങ്ങളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ളവരെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്. എന്നാല്‍ പ്രസിഡന്‍റ് നേരിട്ട് നാമനിര്‍ദേശം ചെയ്യുന്ന വ്യക്തിയെ നേരിട്ട് പ്രസിഡന്‍റായി നിയമിക്കാമെന്നും വ്യവസ്ഥയുണ്ട്.  


 

Follow Us:
Download App:
  • android
  • ios