അബദ്ധം പറ്റിയെന്ന്‌ മനസ്സിലായ ഉടന്‍ തന്നെ ട്രംപ്‌ ട്വീറ്റ്‌ പിന്‍വലിച്ചെങ്കിലും അദ്ദേഹത്തെ വെറുതെവിടാന്‍ സോഷ്യല്‍മീഡിയ ഉദ്ദേശിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌.

വാഷിംഗ്‌ടണ്‍: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളെ അപലപിച്ച്‌ ട്വീറ്റ്‌ ചെയ്‌തതില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‌ ഗുരുതരപിഴവ്‌ സംഭവിച്ചത്‌ വാര്‍ത്തയായിരുന്നു. അബദ്ധം പറ്റിയെന്ന്‌ മനസ്സിലായ ഉടന്‍ തന്നെ ട്രംപ്‌ ട്വീറ്റ്‌ പിന്‍വലിച്ചെങ്കിലും അദ്ദേഹത്തെ വെറുതെവിടാന്‍ സോഷ്യല്‍മീഡിയ ഉദ്ദേശിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌. ആദ്യത്തെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്‌.

സ്‌ഫോടനത്തില്‍ 138 ആളുകള്‍ കൊല്ലപ്പെട്ടു എന്നതിന്‌ പകരം 138 മില്യണ്‍ ആളുകള്‍ എന്നായിരുന്നു ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തത്‌. ശ്രീലങ്കയിലെ ആകെ ജനസംഖ്യ 21 മില്യണ്‍ മാത്രമാണ്‌.

'ശ്രീലങ്കയില്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ 138 മില്യണ്‍ ആളുകള്‍ കൊല്ലപ്പെടുകയും 600ലധികം ആളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തതില്‍ അമേരിക്കയിലെ ജനങ്ങള്‍ അനുശോചനം രേഖപ്പെടുത്തുന്നു. സഹായിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്‌.' ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്‌.