വാഷിംഗ്ടണ്‍: വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ സുഗമമായ അധികാര കൈമാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ട്രംപ് അധികാരം കൈമാറില്ലെന്ന ധ്വനിയില്‍ സംസാരിച്ചത്. എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപിന്റെ മറുപടി. 

തെരഞ്ഞെടുപ്പ് രീതിയെ കഴിഞ്ഞ കുറച്ച് ദിവസമായി ട്രംപ് നിരന്തരം വിമര്‍ശിക്കുന്നുണ്ട്. മെയില്‍ ബാലറ്റുകള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. കൊവിഡ് കാലത്ത് മെയില്‍ ബാലറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് പറയുന്നു. മെയില്‍ ബാലറ്റുകള്‍ വലിയ തട്ടിപ്പിന് കാരണമാകുമെന്നും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിന് തടസ്സമാണെന്നും ട്രംപ് വ്യക്തമാക്കി.

മെയില്‍ ബാലറ്റുകളുടെ എണ്ണം വലിയ രീതിയിലാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തില്‍ താന്‍ അധികാരത്തില്‍ തുടരും. ബാലറ്റുകള്‍ ഒഴിവാക്കിയാല്‍ സമാധാനപരമായി അധികാരം കൈമാറും. അല്ലെങ്കില്‍ അതുണ്ടാകില്ല. അധികാര തുടര്‍ച്ച നിങ്ങള്‍ക്ക് കാണാനാകും-ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നവംബറിലാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കുക.