റഷ്യയെ ജി7 ൽ നിന്ന് പുറത്താക്കിയത് തെറ്റായിപ്പോയെന്നും വ്ളാഡിമിർ പുടിൻ അപമാനിതനായെന്നും ട്രംപ്. ചൈനയെ ജി7 ൽ ഉൾപ്പെടുത്തുന്നത് മോശം ആശയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒട്ടാവ: റഷ്യയെ ജി 7ൽ നിന്ന് പുറത്താക്കിയത് തെറ്റായി പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വ്ളാഡിമിര്‍ പുടിൻ അപമാനിതനായി എന്നാണ് ട്രംപ് പറയുന്നത്. ചൈനയെ ജി 7ൽ അംഗമാക്കുന്നത് മോശം ആശയമല്ലെന്നും, ആലോചിക്കാവുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കാനഡയിൽ ഈ ആഴ്ച നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവൻ (ജി7) ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അദ്ദേഹത്തിന്‍റെ കടുത്ത വ്യാപാരയുദ്ധത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുകയാണ് ലോക നേതാക്കൾ. ഈ വ്യാപാരയുദ്ധം ആഗോള സാമ്പത്തിക സ്ഥിതിക്ക് ഭീഷണിയാണെന്ന് വിദഗ്ധർ പറയുന്നു.

ജി 7ൽ പങ്കെടുത്ത മിക്ക രാജ്യങ്ങൾക്കും ഇതിനകം ട്രംപിന്‍റെ 10 ശതമാനം അടിസ്ഥാന താരിഫ് ബാധകമാണ്. കൂടുതൽ താരിഫുകൾ വരാനിരിക്കുന്നു എന്ന ഭീഷണിയുമുണ്ട്. യൂറോപ്യൻ രാജ്യങ്ങൾക്കും ജപ്പാനും കാറുകൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് അധിക നികുതികൾ നേരിടുന്നുണ്ട്. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുഎസ് എന്നിവയാണ് ജി 7ലെ അംഗരാജ്യങ്ങൾ. ഉച്ചകോടിയുടെ പ്രാഥമിക ശ്രദ്ധ വ്യാപാരത്തിലായിരിക്കുമെന്ന് ആതിഥേയനായ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ ട്രംപ് പറഞ്ഞു.

കഴിഞ്ഞ മാസങ്ങളിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം നിരവധി അധിക നികുതികൾ പ്രഖ്യാപിച്ചതിനാൽ വ്യാപാര വിഷയം കാനഡയ്ക്ക് പ്രത്യേക താൽപ്പര്യമുള്ളതാണ്. മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബോമിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കാനഡയും ഉൾപ്പെടുന്ന മൂന്ന് രാജ്യങ്ങളുമായുള്ള വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര ഉടമ്പടി പുനഃസംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ, ട്രംപുമായി അവർക്ക് നേരിട്ടുള്ള കൂടിക്കാഴ്ചയുണ്ടാകും. യുഎസും ലോകത്തിലെ മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ ഒരു മുന്നേറ്റത്തോടെ ഉച്ചകോടി അവസാനിക്കുമെന്ന് വലിയ പ്രതീക്ഷകളൊന്നുമില്ല.

യുഎസ് ജൂലൈ മാസത്തേക്ക് ഭീഷണിപ്പെടുത്തിയ കടുത്ത പരസ്പര താരിഫുകൾ ഏർപ്പെടുത്തുന്നതിന് മുമ്പ്, ഏതെങ്കിലും തരത്തിലുള്ള വ്യാപാര കരാറിൽ എത്താനായി ഡോണൾഡ് ട്രംപ് ഭരണകൂടവുമായി ഡസൻ കണക്കിന് രാജ്യങ്ങൾ ചർച്ചകളിലാണ്. കഴിഞ്ഞ ആഴ്ച, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്‍റ്, നല്ല വിശ്വാസത്തിൽ ചർച്ചകൾ നടത്തുന്ന രാജ്യങ്ങൾക്ക് ഈ തീയതി നീട്ടിവെക്കാമെന്ന് പറഞ്ഞിരുന്നു.