ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ കാണാതായ രണ്ട് ഉദ്യോഗസ്ഥരെയും വിട്ടയച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്. രണ്ട് പേരും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്ത് തിരികെ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ദില്ലിയിലെ പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകിയതോടെയാണ് ഇവരെ പാകിസ്ഥാൻ മോചിപ്പിച്ചതെന്നാണ് സൂചന. 

ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനിൽ നിയോഗിച്ചിരുന്ന രണ്ട് സിഐഎസ്എഫ് ജീവനക്കാരെ രാവിലെയാണ് കാണാതായത്. എട്ടരയോടെ ജോലി സംബന്ധമായ ആവശ്യത്തിന് പുറത്ത് പോയതായിരുന്നു രണ്ട് പേരും. ഇവരുടെ വാഹനം ഒരു കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി എന്നാണ് പാക് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. 

പാക് ചാര ഏജൻസിയായ ഐഎസ്ഐയുടെ നേരിട്ടുള്ള കസ്റ്റഡിയിലാണെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. ഇരുവരും പാക് കസ്റ്റഡിയിലെന്ന് വ്യക്തമായതോടെ ഇന്ത്യ പാകിസ്ഥാൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി. രണ്ട് ജീവനക്കാരെയും കസ്റ്റഡിയിൽ പീഡിപ്പിക്കാതെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ  സുരക്ഷ പാക്കിസ്ഥാന്‍റെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ വ്യക്തമാക്കി.  

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പാക് ചാരസംഘടനയായ ഐഎസ്ഐ പിന്തുടരുന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു. പാകിസ്ഥാനിലെ ഇന്ത്യയുടെ മുതിർന്ന നയതന്ത്രപ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തിന് പിന്നാലെ ഐഎസ്ഐ അംഗം സ‌ഞ്ചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതമാണ് ഇന്ത്യ പുറത്തുവിട്ടത്. ബൈക്കിലാണ് ഇയാൾ വാഹനത്തെ പിന്തുടർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

കഴിഞ്ഞ മാസം മുപ്പത്തിയൊന്നിന് ചാരപ്രവര്‍ത്തനത്തിന്‍റെ പേരിൽ രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ നൽകാൻ ശ്രമിക്കവേ ഇവരെ കൈയോടെ ഇന്ത്യൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ദില്ലിയിലെ വിസ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരായിരുന്നു രണ്ട് പേരും. ഇതിന്‍റെ ജാള്യത മറികടക്കാനുള്ള നീക്കമാണ് പാകിസ്ഥാൻ ഇസ്ലാമാബാദിൽ നടത്തുന്നതെന്നാണ് വിലയിരുത്തൽ.

മാർച്ച് മാസം, പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രഉദ്യോഗസ്ഥരോട് പാക് അധികൃതരും വിദേശകാര്യമന്ത്രാലയവും വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്നും, ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.